എറണാകുളം: ലൈംഗികാതിക്രമത്തിന് പുരുഷന്മാരും ഇരയാവുന്നുണ്ടെന്ന് ഹൈക്കോടതി. ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുന്ന ആൺകുട്ടികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളേക്കാൾ വർദ്ധനവ് വന്നിട്ടുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ലൈംഗികാതിക്രമത്തിന് ഇരയായവരെ പരിശോധിക്കാൻ വനിതാ ഗൈനക്കോളജിസ്റ്റുകളെ മാത്രം അനുവദിക്കുന്നതിനെതിരെ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു അദ്ദേഹം.
ലൈംഗികാതിക്രമത്തിന് ഇരയായവുന്ന സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരുടെ എണ്ണത്തിലും വർദ്ധനവ് വരുന്നുണ്ട്. നിലവിലെ പ്രോട്ടോകോൾ, അതിക്രമത്തിന് ഇരയായവരെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനുമായുള്ളതാണെങ്കിലും ലൈംഗികാതിക്രമത്തിൽ ഇരയായ പുരുഷന്മാരെ പിന്തുണയ്ക്കുന്ന പ്രോട്ടോകോളും പരിഗണിക്കേണ്ടതുണ്ട്. നിലവിലെ നിയമം തെറ്റായി കണക്കാക്കാൻ സാധിക്കില്ല, എങ്കിലും പ്രശ്നങ്ങളുണ്ടെന്ന് തോന്നുകയാണെങ്കിൽ പരിഹരിക്കാനാകുമെന്ന് കരുതുന്നുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. മാർച്ച് 5ന് കേസ് വീണ്ടും പരിഗണിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.