തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് പാലസ്തീൻ ഇസ്ലാമിക ഭീകരരുടെ ജിഹാദിന്റെ പേര് നൽകിയ വിഷയത്തിൽ ഇടപെട്ട് വൈസ് ചാൻസിലർ. സംഭവത്തിൽ സർവകലാശാല രജിസ്ട്രാറോട് വിശദീകരണം തേടുമെന്ന് വി.സി. മോഹനൻ കുന്നുമ്മൽ അറിയിച്ചു. ജനം വാർത്തയെ തുടർന്നാണ് നടപടി.
കലോത്സവത്തിനെക്കുറിച്ചുള്ള ഒരു കാര്യവും തന്നെ അറിയിച്ചിട്ടില്ലെന്ന് വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ ജനം ടിവിയോട് പറഞ്ഞു. സർവകലാശാല യൂണിയനാണ് തീരുമാനം എടുത്തിട്ടുള്ളത്. കലോത്സവം യുദ്ധമോ കലാപമോ അല്ല. കലാപരമായ കേരളീയമായ പേരുകളാണ് കലോത്സവത്തിന് വേണ്ടത്. അറബി പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും വി.സി. പറഞ്ഞു. വിശദീകരണത്തിന് ശേഷം ആവശ്യമെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇസ്രായേലിനെതിരെ വിവിധ കാലങ്ങളിലായി പാലസ്തീൻ ഭീകരർ നടത്തി വരുന്ന സായുധ പ്രക്ഷോഭങ്ങളെയും ഭീകരാക്രമങ്ങളെയും വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പേരാണ് ഇൻതിഫാദ. ഈ പേരാണ് എസ്എഫ്‌ഐ യൂണിയൻ സർവകലാശാല കലോത്സവത്തിന് നൽകിയിരിക്കുന്നത്.
തീവ്ര ഇസ്ലാമിസ്റ്റുകളുടെ വ്യാഖ്യാനത്തിൽ അവരുടെ മേൽ പുരണ്ട അഴുക്കായ ഇസ്രയേലികളെ കുടഞ്ഞു കളയാൻ നടത്തിയ പരിശ്രമം. ഇതിൽ ‘ഒന്നാം ഇൻതിഫാദ’ 1987 ഡിസംബർ 9 നു തുടങ്ങി ആറുവർഷം നീണ്ടുനിന്നു. 1300 പലസ്തീനികൾക്ക് ജീവൻ നഷ്ടമാവുകയും 1,20,000 പേർക്ക് പരിക്കേൽക്കുകയും ആറുലക്ഷം പേർ ജയിലിലടക്കപ്പെട്ടു എന്നുമാണ് കണക്കുകൾ.