രാജസ്ഥാനിലെ ഉദയ്പൂരിലുള്ള വനവാസി കല്യാൺ പരിഷത്ത് ഹോസ്റ്റൽ സന്ദർശിച്ച് ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഹോസ്റ്റലിൽ എത്തിയത്. വിദ്യാർത്ഥികളുടെ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി താരം ധനസഹായം നൽകുകയും ചെയ്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഖേൽ ഖേൽ മേം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് അക്ഷയ്കുമാർ ഉദയ്പൂരിലെത്തിയത്.
ഹോസ്റ്റലിൽ എത്തിയ അദ്ദേഹം ഏറെ നേരം അവിടെ സമയം ചിലവിട്ടു. ശേഷം വിദ്യാർത്ഥികൾക്കും അധികൃതർക്കുമൊപ്പം ഹോസ്റ്റലിൽ നടന്ന പ്രാർത്ഥനാ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ ചിലരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷമാണ് ഖേൽ ഖേൽ മേം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ആദ്യഘട്ട ചിത്രീകരണം നടന്നത് ലണ്ടനിലായിരുന്നു. രണ്ടാംഘട്ട ചിത്രീകരണത്തിനായാണ് സംഘം ഉദയ്പൂരിൽ എത്തിയത്. തപ്‌സി പന്നു ആണ് ചിത്രത്തിലെ നായിക.