മലയാളി പ്രേക്ഷകരുടെ മനസുകൾ കീഴടക്കിയ പ്രേമലു ഇനി തെലുങ്കിലേക്ക്. ഗിരീഷ് എഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റായി മാറുകയായിരുന്നു. പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഉടൻ റിലീസ് ആകുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംവിധായകൻ എസ്എസ് രാജമൗലിയുടെ മകൻ എസ്എസ് കാർത്തികേയയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ അവകാശം സ്വന്തമാക്കിയത്.
#Premalu – Telugu – First Look – Coming to theatres on Friday, 08th March. pic.twitter.com/R0cgHvbTgS
— Aakashavaani (@TheAakashavaani) February 28, 2024
ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റുകൾ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫെബ്രുവരി ആദ്യവാരം പ്രദർശനത്തിനെത്തിയ ചിത്രം മാസാവസാനത്തിലെത്തുമ്പോൾ 70 കോടി ക്ലബിൽ ഇടം നേടിയെന്ന വാർത്തയും ട്രേഡ് അനലിസ്റ്റുകൽ പുറത്തുവിടുന്നുണ്ട്. ഒപ്പം ചിത്രത്തിന്റെ തെലുങ്ക് റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിരിക്കുകയാണ്. പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് മാർച്ച് 8 ന് തീയേറ്ററുകളിലെത്തും.
പ്രേമലുവിന്റെ തെലുങ്കിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ബാഹുബലി ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഒടിടി പ്ലേ റിപ്പോർട്ടനുസരിച്ച് വൻ തുകയ്‌ക്കാണ് കാർത്തികേയ ചിത്രത്തിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയതെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. മൂന്ന് കോടി ബജറ്റിൽ ഒരുങ്ങിയ റൊമാന്റിക് എന്റർടെയ്‌നർ ചിത്രമാണ് പ്രേമലു. യുവാക്കളും കുടുംബ പ്രേക്ഷകരും ചിത്രം ഒരുപോലെ സ്വീകരിച്ചു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എഡി ഒരുക്കുന്ന ചിത്രമാണിത്. നസ്‌ലിനും മമിതയ്‌ക്കും ഒപ്പം ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. ഈ വർഷത്തെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണ് പ്രേമലു. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നാണ് ‘പ്രേമലു’ നിർമ്മിച്ചിരിക്കുന്നത്.















