സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്, പെൻഷൻ മന്ത്രാലയത്തിലെ വിവിധ തസ്തികകളിലേക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. 2,049 തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന പ്രസ്തുത തസ്തികകളിലേയ്‌ക്ക് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 18-ആണ്. അപേക്ഷാ ഫോറം തിരുത്തുന്നതിനുള്ള ജാലകം മാർച്ച് 22-മുതൽ 24-വരെ തുറക്കും. മെയ് ആറ് മുതൽ എട്ട് വരെയുള്ള തീയതികളിലാകും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടക്കുക. രജിസ്‌ട്രേഷൻ ഫീസായി 100 രൂപയാണ് അപേക്ഷകർ അടയ്‌ക്കേണ്ടത്. എസ്‌സി, എസ്ടി, പിഡബ്ല്യൂഡി, വിമുക്തഭടൻ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും വനിതകൾക്കും ഫീസ് അടയ്‌ക്കേണ്ടതില്ല.
ഓൺലൈൻ മുഖേന ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി മാർച്ച് 19 ആണ്. മെട്രിക്കുലേഷൻ, ഹയർസെക്കൻഡറി, ബിരുദം എന്നീ യോഗ്യതകൾ ആണ് വേണ്ടത്. ഒബ്ജക്റ്റീവ്-ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങുന്ന മൂന്ന് വ്യത്യസ്ത കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റുകൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തും. ഓരോ ശരിയായ ഉത്തരത്തിനും ഉദ്യോഗാർത്ഥികൾക്ക് രണ്ട് മാർക്ക് വീതം ലഭിക്കും. ഓരോ തെറ്റായ ഉത്തരത്തിനും 0.5 മാർക്ക് കുറയ്‌ക്കും. ഒരു മണിക്കൂറായിരിക്കും പരീക്ഷയുടെ സമയ പരിധി.