സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 11 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തുവരുമെന്ന വാർത്തയാണ് താരം പങ്കുവച്ചിക്കുന്നത്.
നാളെ വൈകിട്ട് 6 മണിക്ക് ആദ്യഗാനം റിലീസ് ചെയ്യും. അമൃത് രാമനാഥനാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ യുവതാരനിര തന്നെ അണിനിരക്കുന്നുണ്ട്. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക.
നിവിൻ പോളി, അജു വർഗീസ്, നീരജ് മാധവ്, ബേസിൽ ജോസഫ് എന്നീ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒപ്പം ചുരുക്കം ചില സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ യുവതാരങ്ങൾ ഒരു സ്‌ക്രീനിലെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്.
ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്ക് ശേഷം. വിവിധ കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രത്തിൽ പറയുന്നത്. നാല് ലുക്കിലാണ് ധ്യാനും പ്രണവും എത്തുന്നത്. മലയാളികൾക്ക് വിഷു കൈനീട്ടമായി എത്തുന്ന ചിത്രത്തെ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്