ന്യൂഡൽഹി: ഭാരതത്തെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ലോകത്തെ പിടിച്ചുലച്ച കൊറോണ മഹാമാരികാലത്ത് ആഗോള തലത്തിൽ വാക്സിൻ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഭാരതമായിരുന്നു. വാക്സിന്റെ രൂപത്തിൽ ഏകദേശം 150 രാജ്യങ്ങളെയാണ് ഇന്ത്യ രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലായിരുന്നു ബിൽ ഗേറ്റസ് ഭാരതത്തെ പ്രശംസിച്ചത്.
ആഗോള ആരോഗ്യ പ്രശ്നങ്ങൾക്ക് വിലയേറിയ പരിഹാരങ്ങൾ കണ്ടെത്തി നൽകുന്ന ആഗോള കണ്ടുപിടുത്തക്കാരനായി ഇന്ത്യ പരിണമിച്ചു. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ രാജ്യത്തിനായി. ഉയർന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ വാക്സിനുകൾ നൽകുന്നതിൽ ഇന്ത്യയുടെ പങ്ക് വാക്കുകൾക്ക് അതീതമാണെന്നും അദ്ദേഹം പ്രശംസിച്ചു. ഭാവിയിലും ഇന്ത്യയുടെ സംഭാവനകൾ വർദ്ധിക്കുമെന്നും ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായമേകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ലോകം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളിയായ അരിവാൾ രോഗത്തെ പ്രതിരോധിക്കാനായി കേന്ദ്ര സർക്കാരും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും ശ്രമങ്ങൾ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അരിവാൾ രോഗവുമായി പൊരുതുകയാണ് ആഫ്രിക്ക പോലുള്ള രാജ്യങ്ങൾ. നിലവിലുളള ചികിത്സ ചെലവുകൾ അമേരിക്കയ്ക്ക് പോലും താങ്ങാനാവാത്തതാണ്. ഇതിനെ പ്രതിരോധിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ഫൗണ്ടേഷൻ കൈകോർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ ആരോഗ്യവുമായി ബന്ധപ്പെട്ട പല മേഖലകളിലും മാതൃ-ശിശു ആരോഗ്യം, വിളർച്ച, വാക്സിൻ-തടയാവുന്ന രോഗങ്ങൾ, സാംക്രമിക രോഗങ്ങൾ തുടങ്ങിയവ മേഖലയിലും സർക്കാരുമായി ഫൗണ്ടേഷൻ കൈകോർക്കുമെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കി.