തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നിയമന നിരോധനത്തിന്റെ ഇരകളായ സിവിൽ പൊലീസ് റാങ്ക്ഹോൾഡേസിനെ നേരിൽ കണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത ആയിരത്തോളം ഉദ്യോഗാർത്ഥികളാണ് കഴിഞ്ഞ രണ്ടാഴ്ചയിലധികമായി രാപകൽ സമരം നടത്തുന്നത്. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് അദ്ദേഹം സെക്രട്ടേറിയേറ്റിലെ സമരമുഖത്തെത്തിയത്.
കേരളത്തിൽ നിരോധനമാണ് നടക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. പാർട്ടി ഇഷ്ടക്കാരെയും വേണ്ടപ്പെട്ടവരെയും തിരുകി കയറ്റാനുള്ള വ്യഗ്രതയിൽ ഇല്ലാതാകുന്നത് നിരവധി ജീവനുകളാണ്. തൊഴിലില്ലായ്മാ നിരക്ക് ദേശീയ ശരാശരി കുറയുമ്പോൾ കേരളത്തിൽ അത് വർദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജോലി എന്ന സ്വപ്നം കണ്ട് രാത്രികളെ പകലുകളാക്കി പഠിച്ച്, ഒടുവിൽ ജീവനൊടുക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം 26-കാരൻ സുജിത് ആത്മഹത്യ ചെയ്തിരുന്നു. സർക്കാർ ക്രൂരതയുടെ ഇരയായി, അകാലത്തിൽ പൊലിഞ്ഞ യുവാവിന് മെഴുകുതിരികൾ തെളിച്ച് അനുശോചനം രേഖപ്പെടുത്തി.
“കഴിഞ്ഞ പതിനേഴ് ദിവസമായി സെക്രട്ടേറിയേറ്റ് നടയിൽ സത്യാഗ്രഹമിരിക്കുകയാണ് സിവിൽ പൊലീസ് റാങ്ക്ഹോൾഡേസ് പട്ടികയിലുള്ള ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ. അവരെ ആരും തിരിഞ്ഞുനോക്കുന്നില്ല. ഇന്നവരെ സത്യാഗ്രഹപന്തലിൽ സന്ദർശിച്ചു. ശരിക്കും നിയമനനിരോധനമാണ് കേരളത്തിൽ. എല്ലാ വകുപ്പുകളിലും നടക്കുന്നത് പാർട്ടിക്കാരെ തിരുകിക്കയറ്റാൻ വേണ്ടിയുള്ള കരാർ നിയമനം മാത്രമാണ്. തൊഴിലില്ലായ്മാ നിരക്ക് ദേശീയ ശരാശരി കുറയുമ്പോൾ കേരളത്തിൽ അത് വർദ്ധിക്കുകയാണ്. അടിയന്തിരമായി സമരക്കാരെ ചർച്ചയ്‌ക്ക് വിളിച്ച് പ്രശ്നപരിഹാരം തേടാൻ മുഖ്യമന്ത്രി തയ്യാറാവണം. സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചാണ് മടങ്ങിയത്. പാർട്ടിയും യുവമോർച്ചയും ഇക്കാര്യത്തിൽ അവരോടൊപ്പമുണ്ടാവും” -കെ. സുരേന്ദ്രൻ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.















