ആഗോളതാപനം മൂന്ന് ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചാൽ ഹിമാലയൻ മലനിരകളുടെ 90 ശതമാനവും ഒരു വർഷത്തിലധികം തുടർച്ചയായി വരൾച്ച അനുഭവിക്കുമെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി പുതിയ പഠന റിപ്പോർട്ട്. കാലാവസ്ഥ വ്യതിയാനങ്ങളെ സംബന്ധിച്ച ജേണലിൽ ആണ് ഇക്കാര്യം പറയുന്നത്.
യുകെയിലെ ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ (യുഇഎ) ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആഗോളതാപനത്തിന്റെ തോത് വർദ്ധിക്കുന്നതിനനുസരിച്ച് മനുഷ്യർക്കും പ്രകൃതിദത്ത സംവിധാനങ്ങൾക്കും കാലാവസ്ഥാ വ്യതിയാന അപകടസാധ്യതകൾ എങ്ങനെ വർദ്ധിക്കുന്നുവെന്ന് കണക്കാക്കിയത്. ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുക എന്ന പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ പാലിക്കുന്നതിലൂടെ ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന താപനിലയുടെ 80 ശതമാനവും ഒഴിവാക്കാനാകുമെന്ന് ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ വ്യക്തമാക്കുന്നു. അല്ലെങ്കിൽ വൻ പ്രത്യാഘാതങ്ങൾകാകും സാക്ഷ്യം വഹിക്കുകയെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യ, ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഘാന എന്നിവിടങ്ങളിൽ നടത്തിയ എട്ട് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. വരൾച്ച, വെള്ളപ്പൊക്കം, വിളവ് കുറയൽ, ജൈവ വൈവിധ്യത്തിന്റെ നഷ്ടം എന്നിവയുടെ അപകടസാധ്യതകൾ ആഗോളതാപനത്തിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് വർദ്ധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ആഗോളതാപനം കുറയ്‌ക്കാൻ കൂടുതൽ ശ്രമങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി.















