വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ എസ്എഫ്ഐയുടെ ന്യായീകരണം. സംഭവത്തിന് രാഷ്‌ട്രീയനിറം നൽകുകയാണെന്നാണ് എസ്എഫ്ഐ വാദം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ, പ്രസിഡൻ്റ് കെ അനുശ്രീ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ന്യായീകരണം.
ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ വിദ്യാർത്ഥി മർദ്ദിക്കപ്പെട്ടതായി പ്രാഥമികാന്വേഷണത്തിലും, പോസ്റ്റു മോർട്ടം റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. സംഭവത്തിൽ പ്രതികളായ പ്രവർത്തകരെ എസ്എഫ്ഐ പുറത്താക്കി. വിദ്യാർത്ഥിയുടെ മരണത്തിൽ വയനാട് ജില്ലാ കമ്മിറ്റി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസ്താവന ഇറക്കി.
എന്നാൽ, വസ്തുതകളെ വളച്ചൊടിച്ച് കിട്ടിയ അവസരത്തിൽ എസ്എഫ്ഐയെ വേട്ടയാടുകയാണ്. ഇത്തരം പ്രശ്നങ്ങളിൽ ഉൾപ്പെട്ട ഒരാൾക്കും സംരക്ഷണം കൊടുത്ത പാരമ്പര്യം എസ്എഫ്ഐക്ക് ഇല്ല. വിദ്യാർത്ഥിയുടെ മരണം കേവല രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്ന പ്രവർത്തനം വലതുപക്ഷ സംഘടനകൾ അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.















