മലപ്പുറം: താനൂരിൽ ഒട്ടുംപുറത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിന്റെ നിർണായക മൊഴി പുറത്ത്. ബക്കറ്റിലെ വെള്ളത്തിൽ മുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് യുവതി മൊഴി നൽകി. മാനഹാനി ഭയന്നാണ് കൊലപാതകം നടത്തിയതെന്നും പ്രതി മൊഴി നൽകി. ഒറ്റയ്‌ക്കാണ് കൃത്യം നടത്തിയതെന്നും മാതാവ് ജുമൈലത്ത് പറഞ്ഞു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ മാസം 24-നാണ് ജുമൈലത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.തുടർന്ന് 27-ന് യുവതി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. വീട്ടിലെത്തിയ ജുമൈലത്ത് കുഞ്ഞിനെ ബക്കറ്റിൽ വെള്ളം നിറച്ച ശേഷം മുക്കി കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഉമ്മയും മറ്റ് മൂന്ന് കുട്ടികളും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കൃത്യം നടത്തിയത്. കുട്ടി മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം മുറ്റത്ത് കുഴച്ചിട്ടു.
കഴിഞ്ഞ ഒന്നരവർഷത്തോളമായി യുവതി ഭർത്താവിൽ നിന്നും അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ ഗർഭിണിയായ വിവരം രഹസ്യമായി സൂക്ഷിച്ചു. കുഞ്ഞ് ജനിച്ച കാര്യം പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് ഭയന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു.















