തിരുവനന്തപുരം: വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐ ഗുണ്ടകളുടെ വിചാരണ കോടതിയിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ സന്ദർശിച്ച് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഇശ്വരപ്രസാദ്. നെടുമാങ്ങാട്ടെ വീട്ടിലെത്തിയാണ് എബിവിപി പ്രവർത്തകർ സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ സന്ദർശിച്ചത്. സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ കേസിലെ 12 പ്രതികളെയും സിപിഎം സംരക്ഷിക്കുകയാണെന്ന് മാതാപിതാക്കൾ എബിവിപിയോട് പറഞ്ഞു. ഇവരെ അറസ്റ്റു ചെയ്യണമെന്നും പരീക്ഷ എഴുതൻ അനുവദിക്കാതെ ഡിബാർ ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.
സംഭവത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും ശബ്ദിക്കാൻ തയ്യാറാകാത്ത ഡീനിനെതിരെ നടപടിയെടുക്കാൻ അധികാരികൾ തയ്യാറാവണമെന്നും സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. സിദ്ധാർത്ഥിന്റെ ഘാതകർക്ക് ശിക്ഷ ലഭിക്കും വരെ കുടുംബത്തിനൊപ്പം നിൽക്കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഉറപ്പ് നൽകി.
അതേസമയം പൂക്കോട് വെറ്റിനറി സർവ്വകലാശാലക്ക് മുന്നിൽ എബിവിപിയുടെ ഏകദിന ഉപവാസ സമരം പുരോഗമിക്കുകയാണ്. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, എസ്എഫ്‌ഐ- സർവ്വകലാശാല ഒത്തുകളി അവസാനിപ്പിക്കുക, പ്രതികളെ സംരക്ഷിക്കുന്ന സർവ്വകലാശാല നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയർത്തിയാണ് എബിവിപിയുടെ ഏകദിന ഉപവാസസമരം. കേന്ദ്ര പ്രവർത്തക സമിതി അംഗം എൻ.സി.ടി ശ്രീഹരിയാണ് ഉപവാസസമരം ഉദ്ഘാടനം ചെയ്തത്. എസ്എഫ്‌ഐ കൊന്നതാണ് സിദ്ധാർത്ഥിനെ. പോലീസും സർവ്വകലാശാല അധികൃതരും എസ്എഫ്‌ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പോലീസിന്റെ എഫ്‌ഐആറിൽ 18 പ്രതികളാണുള്ളത്. ഇവരിൽ 12 പേരെ മാത്രമാണ് സസ്‌പെൻഡ് ചെയ്തത്. ബാക്കി ആറുപേർക്കെതിരെ നടപടിയെടുക്കണമെന്നും എൻ.സി.ടി ശ്രീഹരി പറഞ്ഞു. എബിവിപി സംസ്ഥാന സെക്രട്ടറി അമൽ മനോജും വയനാട് ജില്ലാ സെക്രട്ടറി യദുകൃഷ്ണനുമാണ് ഉപവാസ സമരം നയിക്കുന്നത്.