പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമതി ചർച്ചകൾ പുലർച്ചെ വരെ നീണ്ടു. ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്ര മന്ത്രിമാരായ അമിത് ഷായും രാജ് നാഥ് സിംഗും പങ്കെടുത്തു. ലോക്സഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടനെ പുറത്തിറക്കും. 16 സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.
വരും ദിവസങ്ങളിൽ 155 പേരുടെ പട്ടികയാകും ആദ്യഘട്ടത്തിൽ പുറത്തിറക്കുക. ഇലക്ഷൻ കമ്മിഷൻ ലോക്സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് ആദ്യപട്ടിക ബിജെപി പുറത്തിറക്കും. 2019ൽ ഉത്തർപ്രദേശിൽ പാർട്ടിക്ക് പരാജയം നേരിട്ട 14 സീറ്റുകളിൽ ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. രാജസ്ഥാനിൽ 15 സീറ്റുകളിലെ സ്ഥാനാർത്ഥികളെയും ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും യോഗത്തിൽ പങ്കെടുത്തു.