വെല്ലിംഗ്ടൺ: ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലൻഡ്. ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഹമാസിനാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഹമാസിന്റെ ആസ്തികൾ പൂർണമായും ഇതോടെ മരവിപ്പിക്കും. ഹമാസിന് ഏതെങ്കിലും വ്യക്തിയോ സ്ഥാപനങ്ങളോ സംഘടനകളോ സഹായം കൈമാറുന്നതും അധികൃതർ നിരോധിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ ഹമാസ് നടത്തിയ ആക്രമണങ്ങൾ അതിക്രൂരമായിരുന്നുവെന്നും, അവയെ ശക്തമായി അപലപിച്ചിരുന്നുവെന്നും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ വ്യക്തമാക്കി. ഇരുരാജ്യങ്ങളിലേയും സാധാരണക്കാർക്കുള്ള മാനുഷിക പിന്തുണ തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിലവിലെ പ്രഖ്യാപനം പൂർണമായും ഹമാസ് എന്ന സംഘടനയെ മാത്രം എതിർത്തു കൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി.
ഗാസയിലെ ദുരിതബാധിതരായ ജനങ്ങൾക്ക് സഹായം കൈമാറുന്നതിന് വിലക്കുകൾ ഇല്ലെന്നും, ഹമാസിനെതിരായ നീക്കം ഒരിക്കലും പലസ്തീനിലെ സാധാരണക്കാർക്ക് എതിരല്ലെന്നും അദ്ദേഹം പറയുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡിനെ 2010ൽ ന്യൂസിലൻഡ് ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.