ആലപ്പുഴ: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികളിലേക്കും. കിടത്തി ചികിത്സയ്ക്കുള്ള അഡ്മിഷൻ ബുക്കിനും ഇനി മുതൽ പണം നൽകണം. സൗജന്യമായി നൽകിയിരുന്ന ബുക്കിനാണ് 30 രൂപ ഈടാക്കുമെന്ന് ചൂണ്ടിക്കാണിച്ച് സൂപ്രണ്ട് സർക്കുലർ പുറത്തിറക്കിയത്. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് വിചിത്ര നടപടി.
സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി എത്രമാത്രം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സർക്കുലർ. നേരത്തെ സർക്കാർ പ്രസിൽ നിന്ന് സൗജന്യമായിട്ടായിരുന്നു അഡ്മിഷൻ ബുക്ക് ലഭിച്ചിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം നാളുകളായി ഇതിന്റെ അച്ചടി നിലച്ചിരിക്കുകയാണ്. അതിനാൽ തന്നെ ആശുപത്രിയിൽ നിലവിൽ ബുക്ക് ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് പുത്തൻ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ആശുപത്രി വികസന സമിതിയാണ് സ്വന്തം നിലയ്ക്ക് ബുക്ക് അച്ചടിച്ച് നൽകാൻ തീരുമാനിച്ചത്.















