മൂന്ന് കോടി ബജറ്റിൽ ഒരുങ്ങിയ റൊമാന്റിക് എന്റർടെയ്നർ ചിത്രമാണ് പ്രേമലു. യുവാക്കളും കുടുംബ പ്രേക്ഷകരും ചിത്രം ഒരുപോലെ സ്വീകരിച്ചു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. മലയാളത്തിൽ ഈ വർഷത്തെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണ് പ്രേമലു. ചുരുക്കം സമയം കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഇതിനോടകം ചിത്രം 70 കോടി ക്ലബ്ബിലെത്തിയെന്ന വാർത്തയും പുറത്തുവന്നു. ഇപ്പോഴിതാ ചിത്രത്തിന്റേതായി ആരാധകർ കാത്തിരുന്ന നിർണായക അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
പ്രേമലുവിൽ ഒരുപിടി ഹിറ്റ് ഗാനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ തീയേറ്ററുകളെ ആവേശക്കടലാക്കി മാറ്റിയ ഗാനമാണ് ദേവരാഗം 2.0. ദേവരാഗം സിനിമയിൽ പി ഉണ്ണികൃഷ്ണനും കെ എസ് ചിത്രയും ആലപിച്ച ഗാനം പ്രേമലുവിന്റെ ഹൈലറ്റുകളിൽ ഒന്നായിരുന്നു. മലയാളക്കര വീണ്ടും ഏറ്റു പാടിയ ദേവരാഗം 2.0 യുടെ വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
നവാഗതനായ ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിന്റെ തെലുങ്ക് പതിപ്പും റിലീസിന് തയ്യാറെടുക്കുകയാണ്. പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് മാർച്ച് 8 ന് തിയേറ്ററുകളിലെത്തും. സംവിധായകൻ എസ്എസ് രാജമൗലിയുടെ മകൻ എസ്എസ് കാർത്തികേയയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ അവകാശം സ്വന്തമാക്കിയത് നസ്ലിനും മമിതയ്‌ക്കും ഒപ്പം ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു.















