മാമന്നൻ എന്ന ചിത്രത്തിന് ശേഷം മാരിസെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്രുവ് വിക്രം നായകനാകും. സ്‌പോർട്‌സ് ബയോപിക് ആയി ഒരുങ്ങുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനായിരിക്കും നായികയായി എത്തുന്നത്. മാരി സെൽവരാജിന്റെ പുതിയ ചിത്രത്തെ സംബന്ധിച്ച വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. സിനിമയുടെ പ്രീപ്രൊഡക്ഷൻ ജോലികൾ പൂർത്തിയായെന്നും ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന വാർത്തകളും പുറത്തുവരികയാണ്.
മാമന്നന്റെ റിലീസിന് പിന്നാലെ കഴിഞ്ഞ വർഷമായിരുന്നു പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നത്. നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്താണ് പുതിയ ചിത്രം നിർമ്മിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് 80 ദിവസത്തോളം നീണ്ടു നിൽക്കുന്ന ഷൂട്ടിംഗ് നടക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. കബഡി താരം മാനത്തി ഗണേശന്റെ ജീവിതകഥയാണ് ചിത്രത്തിൽ പറയുന്നത്. സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കുന്നത്.
ചിത്രത്തിനായി ധ്രുവ് വിക്രം വൻ മേക്കോവറാണ് നടത്തുന്നതെന്നാണ് വിവരം. കൂടാതെ ചിത്രത്തിനായി ധ്രുവ് കബഡി പരിശീലനവും നടത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തൂത്തുക്കുടിയിൽ ആയിരിക്കും നടക്കുക. കൂടുതൽ അപ്‌ഡേറ്റുകൾ ഉടൻ പുറത്തുവിടും. ചിത്രത്തിലെ മറ്റ് താരങ്ങളാരൊക്കെ ആയിരിക്കും എന്നത് സംബന്ധിച്ച വിവരങ്ങളും ഉടൻ പുറത്തുവിടുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.















