ന്യൂഡൽഹി: രാജ്യത്തെ ഗോതമ്പ് ഉത്പാദനത്തിൽ വർദ്ധനവ്. ശൈത്യകാലത്തെ ഗോതമ്പിന്റെ ഉൽപാദനം റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്താനൊരുങ്ങുന്നത്. 2023-24 കാലയളവിൽ 112 ദശലക്ഷം ടൺ ഗോതമ്പാകും ഇന്ത്യയിൽ ഉത്പാദിപ്പിക്കുക.
കഴിഞ്ഞ ഒരു വർഷം കൊണ്ട് ഉത്പാദിപ്പിച്ചത് 110 ദശലക്ഷം ടൺ ആയിരുന്നു. ഈ റെക്കോർഡ് ഈ വർഷം മറികടക്കുമെന്നാണ് വിലയിരുത്തൽ. മുൻ വർഷത്തേക്കാൾ 0.9 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ ഉണ്ടാകുക. കേന്ദ്ര സർക്കാരിന്റെ രണ്ടാമത്തെ മുൻകൂർ എസ്റ്റിമേറ്റിലാണ് ഈ കണക്ക് വ്യക്തമാക്കുന്നത്.
നവംബറിൽ വിതച്ച് മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് ഗോതമ്പ് വിളവെടുക്കുന്നത്. 12.3 ദശലക്ഷം ടൺ നെല്ലാകും ശൈത്യകാലത്ത് വിതയ്ക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഖാരിഫ്, റാബി സീസണുകളിൽ, അരിയും ഗോതമ്പും ഉൾപ്പെടെ മൊത്ത ധാന്യ ഉത്പാദനം 309 ദശലക്ഷം ടൺ ആയിരിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. വിലക്കയറ്റത്തെ ചെറുത്ത് നിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കാൻ ആഭ്യന്തര ഉത്പാദനത്തിന് സാധിക്കും.