റാഞ്ചി: ഝാർഖണ്ഡിൽ 35,700 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഝാർഖണ്ഡിലെ സിന്ദ്രിയിൽ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി വികസന പദ്ധതികളുടെ തറക്കല്ലിടൽ നിർവഹിച്ചത്. റെയിൽ, വൈദ്യുതി, കൽക്കരി, തുടങ്ങിയ നിരവധി മേഖലകളിലെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചത്. ഹിന്ദുസ്ഥാൻ ഉർവരക്, രാസായൻ ലിമിറ്റഡ് സിന്ദ്രി ഫെർട്ടിലൈസർ പ്ലാന്റും അദ്ദേഹം രാജ്യത്തിനായി സമർപ്പിച്ചു.
8,900 കോടി ചെലവിൽ നിർമ്മിച്ച ഫെർട്ടിലൈസർ പ്ലാന്റിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. രാജ്യത്തെ കർഷകർക്ക് കൃഷി മെച്ചപ്പെടുത്തുന്നതിനും കുറഞ്ഞ വിലക്ക് വളം ലഭിക്കുന്നതിനും പുതിയ പദ്ധതികൾ സഹായിക്കും. ഗോരഖ്പൂരിലും രാമഗുണ്ടമിലും പ്രധാനമന്ത്രി രാജ്യത്തിനായി രണ്ട് രാസവള പ്ലാന്റുകൾ സമർപ്പിച്ചിരുന്നു. ഇതിന് ശേഷം രാജ്യത്തിനായി സമർപ്പിക്കുന്ന മൂന്നാമത്തെ രാസവള പ്ലാന്റാണിത്.
17,600 കോടിയുടെ വിവിധ റെയിൽ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഇന്ന് നിർവ്വഹിച്ചു. സോൺ നഗറിനെയും ആണ്ടാലിനെയും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ഇത് കൂടാതെ ടോറി- ശിവ്പൂർ, ബിരാതോളി-ശിവ്പൂർ, മോഹൻപൂർ- ഹൻസ്ദിഹ, ധൻബാദ്- ചന്ദ്രപുര തുടങ്ങിയ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനുകളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. മൂന്ന് ട്രെയിനുകളും പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. ദിയോഘർ- ദിബ്രുഗഡ് ട്രെയിൻ, ടാറ്റാനഗർ- ബദാംപഹാർ മെമു, ശിവപൂരിൽ നിന്നുള്ള ചരക്ക് ട്രെയിൻ എന്നിവയാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്.















