തിരുവനന്തപുരം: ദേശീയ ഗാനത്തെ അവഹേളിച്ച പാലോട് രവിക്കെതിരെ പരാതി നൽകി ബിജെപി. തിരുവനന്തപുരം ജില്ലാ വെെസ് പ്രസിഡന്റ് ആർ.എസ് രാജീവാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കോൺഗ്രസിന്റെ സമരാഗ്‌നി പരിപാടിയുടെ സമാപനവേദിയിലാണ് തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷൻ പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയത്. പിന്നീട് ദേശീയഗാനം തെറ്റിച്ച് പാടിയെന്ന് മനസിലായതോടെ ടി. സിദ്ദിഖ് എംഎൽഎ ഇടപെടുകയായിരുന്നു.
പാടല്ലേ,സിഡി ഇടാം എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. പിന്നാലെ ആലിപ്പറ്റ ജമീലയെത്തി ദേശീയഗാനം പാടുകയായിരുന്നു. ദേശീയഗാനത്തെ അവഹേളിച്ച പലോട് രവിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും ഏറെ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി പരാതി നൽകിയത്.
സമാപന സമ്മേളനത്തിനെത്തിയ പ്രവർത്തകർ നേരത്തെ വേദി വിട്ടതിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും അമർഷം പ്രകടിപ്പിച്ചിരുന്നു. മുഴുവൻ സമയവും പ്രസംഗം കേൾക്കാൻ തയ്യാറല്ലെങ്കിൽ എന്തിന് വന്നെന്നും സുധാകരൻ ചോദിച്ചു. സമ്മേളനം സംഘടിപ്പിക്കുന്നത് ലക്ഷങ്ങൾ മുടക്കിയാണ്. രണ്ടുപേർ സംസാരിച്ച് കഴിഞ്ഞാൽ ഉടൻ ആളുകൾ പോകും. ഇങ്ങനെയാണെങ്കിൽ എന്തിനാണ് ഇങ്ങനെ പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.















