അമൃത്സർ: സുവർണ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി നവദമ്പതികളായ രാകുൽ പ്രീതും ജാക്കി ഭഗ്നാനിയും. വിവാഹ ശേഷം ആദ്യമായാണ് ഇരുവരും ക്ഷേത്രത്തിൽ എത്തുന്നത്. സമൂഹമാദ്ധ്യമായ ഇൻസ്റ്റഗ്രാമിലൂടെ രാകുൽ പ്രീത് തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ജാക്കി ഭഗ്നാനിയുടെ മാതാപിതാക്കളും ക്ഷേത്ര ദർശനത്തിൽ പങ്കെടുത്തു.
ഫെബ്രുവരി 21 ന് ഗോവയിൽ വച്ചാണ് രാകുൽ പ്രീതും ജാക്കി ഭഗ്നാനിയും വിവാഹിതരായത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നത്. താരങ്ങളുടെ വിവാഹ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. വിവാഹ ശേഷം മുംബൈയിൽ മടങ്ങിയെത്തിയ നവദമ്പതിമാർ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് സംസാരിച്ചിരുന്നു.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2021 ലായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന വാർത്ത ആരാധകരുമായി പങ്കുവച്ചത്. ശിൽപ ഷെട്ടി, ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ, ഡേവിഡ് ധവാൻ തുടങ്ങിയ താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കാൻ ഗോവയിൽ എത്തിയിരുന്നു.