സിനിമാ ലോകത്ത് ഏറെ ചർച്ചയാകുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. തിയേറ്ററിലെത്തിയത് മുതൽ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ചിത്രത്തിനുള്ളത്. യഥാർത്ഥ സംഭവത്തെ ചിത്രീകരിക്കുന്ന സിനിമ എന്നത് കൂടിയായപ്പോൾ ചിത്രം വലിയ ചർച്ചാ വിഷയമായി. ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി ഒരു വർഷത്തോളമാണ് താരങ്ങൾ യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സിനോടൊപ്പം ഉണ്ടായിരുന്നത്. യുവാക്കളുടെ സ്വഭാവങ്ങളെ കുറിച്ചും ഭാഷാശൈലിയെ കുറിച്ചും പഠിക്കുന്നതിന് വേണ്ടിയാണ് താരങ്ങൾ മഞ്ഞുമ്മൽ ബോയ്സിനോടൊപ്പം ഇടപഴകിയിരുന്നത്. ഇന്നിതാ യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സിനോടൊപ്പമുള്ള അനുഭവങ്ങൾ പങ്കുവക്കുകയാണ് ചന്തു സലീം കുമാർ.
യഥാർത്ഥ മഞ്ഞുബോയ്സും ഞങ്ങളും ഒരേ വൈബാണ്. അന്നത്തെ സംഭവത്തിന് ശേഷം അവർ കൊടൈക്കനാലിലേക്ക് യാത്ര ചെയ്തിട്ടില്ല. അത്രയ്‌ക്ക് മാനസിക ബുദ്ധിമുട്ടാണ് അവർക്ക് ഇന്നുമുള്ളത്. 2006-ന് ശേഷം അവർ കൊടൈക്കനാലിൽ പോയിട്ടില്ല. വർഷങ്ങൾക്ക് ശേഷം മഞ്ഞുമ്മൽ ബോയ്സിന്റെ പൂജക്കായാണ് അവർ കൊടൈക്കനാലിൽ വന്നത്.
ഇത് യഥാർത്ഥ സംഭവമാണെന്ന് പലർക്കും അറിയില്ലായിരുന്നു. കാരണം അത്ര വലിയൊരു സംഭവമായിരുന്നല്ലോ അന്നുണ്ടായത്. പറഞ്ഞാൽ പലർക്കും മനസിലാകില്ല. ഈ സംഭവത്തിന് ശേഷം ഇവരുടെ സുഹൃത്തുക്കൾ പോലും ഇത് വിശ്വസിച്ചിരുന്നില്ല. എന്നാൽ സിനിമ പുറത്ത് വന്നതിന് ശേഷം ഇപ്പോൾ വിശ്വാസമായില്ലേയെന്ന് അവർ സുഹൃത്തുക്കളോട് ചോദിക്കുകയാണെന്നും ചന്തു സലീം പറഞ്ഞു.