വയനാട്: പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് ജീവനൊടുക്കിയ സംഭവത്തിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കം മൂന്ന് പേർ അറസ്റ്റിൽ. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, വെറ്ററിനറി കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഒളിവിൽ കഴിഞ്ഞ മൂവരും കൽപറ്റ ഡിവൈഎസ്പി ഓഫീസിലെത്തിലെത്തി പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കൽമേട് സ്വദേശി എസ്. അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ് (20), എസ്.ഡി. ആകാശ് (22), ആർ.ഡി. ശ്രീഹരി, തൊടുപുഴ സ്വദേശി ഡോൺസ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വ (23) എന്നിവരാണ് നേരത്തെ കേസിൽ അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെഎണ്ണംപത്തായി. ഇനി 10 പേരെയാണ് പിടികൂടാനുള്ളത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിംഗ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു ഹോസ്റ്റൽ ബാത്ത് റൂമിൽ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എഫ്‌ഐയുടെ വിചാരണകോടതിയിൽ നേരിടേണ്ടി വന്ന ക്രൂരപീഡനമാണ് സിദ്ധാർത്ഥിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് നിഗമനം. പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവത്തിലെ നിജസ്ഥിതി പുറംലോകം അറിയുന്നത്.















