ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നടന്ന സംഭവം. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ടൈറ്റിൽ പോലെ വ്യത്യസ്തകൾ നിറച്ചു വച്ചിരിക്കുന്ന ടീസറാണ് പുറത്തു വന്നിരിക്കുന്നത്. ഫാമിലി എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൽ ശ്രുതി രാമചന്ദ്രനും ലിജോ മോളുമാണ് നായികമാരായി എത്തുന്നത്.
ഒരു മെക്‌സിക്കൻ അപാരത എന്ന ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ലാലു അലക്‌സ്, ജോണി ആന്റണി, സുധി കോപ്പ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു. രാജേഷ് ഗോപിനാഥ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ. ഛായാഗ്രഹണം മനേഷ് മാധവൻ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം മാർച്ച് 22 ന് തീയേറ്ററുകളിലെത്തും.