അനന്ത് അംബാനി-രാധികാ മെർച്ചന്റ് വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷപരിപാടികളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഇപ്പോഴിതാ വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ അതിഥികളോട് അനന്ത് അംബാനി അഭ്യർത്ഥിക്കുന്നതാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജാംനഗർ എസ്റ്റേറ്റിൽ പാർപ്പിച്ചിരിക്കുന്ന മൃഗങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പകർത്തരുതെന്നാണ് അനന്ത് അംബാനി അതിഥികളോട് അഭ്യർത്ഥിക്കുന്നത്.
ജാംനഗറിൽ പ്രവർത്തിക്കുന്ന വന്താര മൃഗസംരക്ഷണം കേന്ദ്രത്തെ കുറിച്ചാണ് അനന്ത് അംബാനി അതിഥികളോട് പരമാർശിക്കുന്നത്. മൃഗസംരക്ഷണം ഉറപ്പാക്കാൻ റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും പ്രഖ്യാപിച്ച പദ്ധതിയാണ് വന്താര. അനന്ത് അംബാനിയാണ് ഈ സംരംഭം ആവിഷ്കരിച്ചത്. ഇന്ത്യയിലും വിദേശത്തുമായി പരിക്കേറ്റ, ഉപദ്രവിക്കപ്പെട്ട മൃഗങ്ങളെ സംരക്ഷിക്കാനും ചികിത്സിക്കാനും പരിപാലിക്കാനും ലക്ഷ്യമിടുന്ന സംരംഭമാണിത്.
ജാംനഗർ റിഫൈനറി കോംപ്ലക്സിന്റെ ഗ്രീൻ ബെൽറ്റിനുള്ളിലാണ് വന്താര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മൂവായിരം ഏക്കറിൽ വ്യാപിച്ച് കിടക്കുന്നതാണിത്. 200-ലധികം ആനകളെയും ആയിരക്കണക്കിന് മറ്റ് മൃഗങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും വന്താരയിൽ പാർപ്പിച്ചിട്ടുണ്ട്.
അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി നടക്കുന്ന ആഘോഷത്തിൽ പങ്കെടുക്കാനായി ആയിരത്തോളം പേരാണ് ഗുജറാത്തിലെ ജാംനഗറിലെത്തിയിരിക്കുന്നത്. മൂന്ന് ദിവസം നീളുന്ന പരിപാടിയിൽ രാജ്യത്തെ നിരവധി സമ്പന്നരും വ്യവസായ പ്രമുഖരും പങ്കെടുക്കും.















