കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിൽ ഉന്നതരായ എസ്എഫ്ഐ നേതാക്കളാണെന്ന് എല്ലാവർക്കും മനസിലായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്ഐ – പോപ്പുലർഫ്രണ്ട് ബന്ധം വ്യക്തമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ക്യാമ്പസ് ഫ്രണ്ട് ഏതാണ് എസ്എഫ്ഐ ഏതാണെന്ന് മനസിലാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
‘സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിൽ ഉന്നതരായ എസ്എഫ്ഐ നേതാക്കൾ ആണെന്നുള്ളത് എല്ലാവരും അംഗീകരിച്ച കാര്യമാണ്. ഇതിന് പിന്നിലുള്ളത് പിഎഫ്ഐയിൽ നിന്നുള്ള എസ്എഫ്ഐക്കാരാണ്. സംസ്ഥാനത്ത് പിഎഫ്ഐ നിരോധിച്ചതിന് പിന്നാലെ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവർത്തകരെല്ലാം എസ്എഫ്ഐ ആയി മാറിയിരിക്കുകയാണ്. അവരുടെ സ്വാധീനത്തിലാണ് എസ്എഫ്ഐ ഇപ്പോൾ പ്രവർത്തിക്കുന്നത്.
അതിനാലാണ് കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന് ‘ഇൻതിഫാദ്’ എന്ന പേര് നൽകിയത്. പിഎഫ്ഐ നിരോധനത്തിന് മുൻപുതന്നെ ഇത് പ്രകടമായിരുന്നു. ഈ പേര് വെറുതെ കൊടുത്തതല്ല, മാറുന്ന കേരളത്തിന്റെ രാഷ്‌ട്രീയം കൃത്യമായി പ്രതിഫലിപ്പിക്കുന്ന നടപടികളാണ് ഇതെല്ലാം. ഇതിന് മുമ്പ്, മഹാരാജാസ് കോളേജിൽ എസ്എഫ്ഐയുടെ തന്നെ പ്രവർത്തകനായ അഭിമന്യൂ കൊല്ലപ്പെട്ടു. കൊലയാളികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായതിനാൽ അന്ന് പ്രതികളെ സിപിഎം രക്ഷിക്കുകയായിരുന്നു. അതിനാൽ, സിദ്ധാർത്ഥിന്റെ മരണത്തിലും പോലീസ് എന്തെങ്കിലും നടപടി എടുക്കുമെന്ന് നമുക്ക് പറയാൻ സാധിക്കില്ല. സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികളായ എസ്എഫ്ഐ നേതാക്കൾ പോലീസ് സഹായത്തോടെയാണ് ഒളിവിൽ കഴിയുന്നത്.
മുസ്ലിം വോട്ടിന് വേണ്ടിയാണ് സിപിഎം പ്രവർത്തിക്കുന്നത്. ഇതുവരെയില്ലാത്ത രീതിയാണ് സിപിഎമ്മിൽ നടക്കുന്നത്. സഖാവ് കരീമിനെ കരിംക്കയായാണ് കോഴിക്കോട് അവതരിപ്പിക്കുന്നത്. മാർക്സിസ്റ്റ് പാർട്ടി ഏത് നിലയിലേക്കാണ് പോകുന്നതെന്നാണ് മനസിലാകാത്തത്.
ഗവർണർ എസ്എഫ്ഐക്കാരെ ക്രിമിനലുകൾ എന്ന് വിളിച്ചത് അനുചിതമായിപ്പോയെന്നാണ് പറഞ്ഞത്. എന്നാൽ, ഗവർണർ അത്തരത്തിൽ പറഞ്ഞത് ശരിയാണെന്നാണ് ഇപ്പോൾ ആളുകൾ പറയുന്നത്. കൊടും ക്രിമിനലുകളാണ് എസ്എഫ്ഐക്കാർ. ഒരു മുസ്ലീം പെൺകുട്ടിയോട് സംസാരിച്ചതാണ് ആൾക്കൂട്ട അക്രമത്തിനുള്ള കാരണം. കേരളത്തിലെ സദാചാര പോലീസിന്റെ വക്താക്കളായാണ് എസ്എഫ്ഐ മാറുന്നത്. എങ്ങോട്ടാണ് കേരളത്തെ ഇവർ നയിക്കുന്നത്.
അടിയന്തരമായി കൊലപാതക കുറ്റം ചുമത്തി മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണം. കേരളത്തിലെ സംഭവ വികാസങ്ങൾ കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽ കൊണ്ടുവരും. ക്യാമ്പസിലെ പ്രശ്നങ്ങൾ വിശദമായി അന്വേഷിക്കേണ്ടതാണ്. ഇതൊരു സാധാരണ സംഭവമല്ല, ഭീകരവാദികളുമായുള്ള ചങ്ങാത്തമാണ് ഈ കൊലപാതകത്തിന് കാരണം. ഇതിന്റെ പിന്നിൽ വർഗീയ താത്പര്യങ്ങളുണ്ട്. സാംസ്കാരിക നായകന്മാരൊക്കെ ഏത് മാളത്തിലാണ് ഒളിച്ചിരിക്കുന്നത്. മോശമായ സാംസ്കാരികനായകന്മാരാണ് കേരളത്തിലുള്ളത്. കേരളത്തിലെ സർവ്വകലാശാലകളിൽ ഇനി സിപിഎമ്മിന്റെ പഴയ കളികളൊന്നും നടക്കില്ല.’- കെ.സുരേന്ദ്രൻ പറഞ്ഞു.















