മഞ്ഞുമ്മൽ ബോയ്സിന് ശേഷം സമൂഹമാദ്ധ്യമങ്ങളിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ തിരയുന്ന സ്ഥലമാണ് കൊടൈക്കനാലിലെ ഗുണാ കേവ്. സാഹസികത നിറഞ്ഞ ജീവിതത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ ജീവൻ കൊടുത്ത് പ്രിയ സുഹൃത്തിനെ രക്ഷപ്പെടുത്തുന്നതാണ് ചിത്രം. ഇന്നിതാ ഗുണാ കേവിലേക്ക് യാത്ര ചെയ്തതിന്റെ അനുഭവം പങ്കുവക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ചിദംബരം. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നടത്തിയ നടന്ന അഭിമുഖത്തിലാണ് ചിദംബരം തന്റെ അനുഭവം പങ്കുവച്ചത്.
‘മഞ്ഞുമ്മൽബോയ്സ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിരവധി തവണ ഗുണാ കേവിലും കൊടൈക്കനാലിലും ഞങ്ങൾ പോയിട്ടുണ്ട്. ഓരോ സീസണിൽ ഗുണാ കേവിന് ഓരോ സ്വഭാവമാണ്. ഗുണാ കേവിലേക്ക് പോകാൻ എല്ലാവർക്കും പേടിയാണ്. അവിടേക്ക് പോകുമ്പോൾ പ്രദേശത്തുള്ളവർ ചെറിയ നാരങ്ങയൊക്കെ പോക്കറ്റിലിട്ട് തരും. കേവിന് ഉള്ളിലേക്ക് ഇറങ്ങുമ്പോൾ വല്ലാത്തൊരു ഭയമാണ് അനുഭവപ്പെടുന്നത്. മഴക്കാലത്ത് ഗുണാ കേവ് വൈലന്റായി മാറും.
ഗുഹക്കുള്ളിൽ ഇറങ്ങുമ്പോൾ ഒരു പ്രത്യേക ശബ്ദം കേൾക്കും. രണ്ട് വലിയ പാറക്കെട്ടിന് ഇടയിലൂടെ കാറ്റ് അടിക്കുന്ന ശബ്ദമാണത്. നിരവധി പേർ മരിച്ച സ്ഥലമായതിനാൽ ഒരുപാട് അന്ധവിശ്വാസങ്ങൾ അവിടെയുണ്ട്. ഒരു തവണം ഗുണാ കേവിലേക്ക് ഇറങ്ങിയപ്പോൾ എന്റെ ടോർച്ച് ഓഫായി പോയി. ഉടനെ കൂടെയുണ്ടായിരുന്നവർ ടോർച്ചടിച്ചെങ്കിലും അതും കത്തിയില്ല. അതൊരു വല്ലാത്ത അനുഭവമായിരുന്നു. കേവിന് അകത്ത് നെഗറ്റീവ് എനർജിയുണ്ടെന്നാണ് അവിടെയുള്ളവർ പറയുന്നത്’- ചിദംബരം പറഞ്ഞു.















