ചെന്നൈ: ലഹരി വസ്തുക്കളുടെ വിൽപനയുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രധാന പ്രതി ജാഫർ സാദിഖിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). സിനിമ നിർമ്മാതാവും ഡിഎംകെ നേതാവുമായിരുന്നു ജാഫർ സാദിഖ്. ഇയാളുടെ 8 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി എൻസിബി അറിയിച്ചു. സാദിഖാണ് ലഹരി കടത്തിന്റെ പ്രധാന സൂത്രധാരനെന്ന് കണ്ടെത്തിയതോടെ എൻസിബി ഉദ്യോഗസ്ഥർ മൈലാപ്പൂരിലെ ഇയാളുടെ വീട് സീൽ ചെയ്തു.
ലഹരി വസ്തുക്കളുടെ വിപണനവും ഇത് നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 3 തമിഴ്‌നാട് സ്വദേശികൾ എൻസിബിയുടെ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതി ജാഫർ സാദിഖാണെന്ന് എൻസിബി കണ്ടെത്തിയത്. കേസിൽ പ്രതിയായതിന് പിന്നാലെ ഡിഎംകെ ചെന്നൈ വെസ്റ്റ് ജില്ലാ ഡെപ്യൂട്ടി ഓർഗനൈസറായിരുന്ന ജാഫർ സാദിഖിനെ പാർട്ടി പുറത്താക്കിയിരുന്നു. ഒളിവിൽ കഴിയുന്ന ജാഫറിനായുള്ള തിരച്ചിൽ ഊർജജ്ജിതമാക്കിയതായി എൻസിബി അറിയിച്ചു.