ലക്‌നൗ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും ബിജെപിയുടെ സ്ഥാനാർത്ഥിയായി ഗോരഖ്പൂർ മണ്ഡലത്തിൽ മത്സരിക്കാൻ സാധിക്കുന്നതിൽ പാർട്ടി നേതൃത്വത്തിനും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് ഭോജ്പൂരി സിനിമ താരവും എംപിയുമായ രവി കിഷൻ. 2019 മുതൽ ഗോരഖ്പൂരിനെ സേവിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഗോരഖ്പൂരിലെ ജനങ്ങൾ കൈവിടില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
” വീണ്ടും ഗോരഖ്പൂരിൽ സ്ഥാനാർത്ഥിയായി എന്നെ തന്നെ പ്രഖ്യാപിച്ചതിൽ പാർട്ടിയോടും പ്രധാനമന്ത്രിക്കും നന്ദി അറിയിക്കുന്നു. ഇതെന്റെ രണ്ടാമത്തെ അവസരമാണ്. കാശിക്ക് ശേഷം മഹത്തായ ഗോരഖ്പൂർ മണ്ഡലത്തിൽ മത്സരിക്കാൻ സാധിക്കുന്നത് ഒരു ഭാഗ്യമായി കണക്കാക്കുന്നു. ജനങ്ങൾക്ക് എന്നിലുള്ള വിശ്വാസം ഞാൻ നിലനിർത്തും.”- രവി കിഷൻ പറഞ്ഞു.
ഗോരഖ്പൂരിലെ തിരഞ്ഞെടുപ്പ് ഒരു ചരിത്രമായിരിക്കും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകളെങ്കിലും പിടിച്ചെടുക്കുമെന്നും രവി കിഷൻ വ്യക്തമാക്കി. 2019ൽ എസ്പി സ്ഥാനാർത്ഥി രാംഭുവൽ നിഷാദിനെ തോൽപ്പിച്ചാണ് രവികിഷൻ വിജയിച്ചത്. മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ലീഡോടെയാണ് അദ്ദേഹം ഗോരഖ്പൂരിൽ വെന്നിക്കൊടി പാറിപ്പിച്ച് എംപിയായത്.















