ഇസ്ലാമാബാദ്: രാഷ്‌ട്രീയ-സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹ്ബാസ് ഷെരീഫിനെ തിരഞ്ഞെടുത്തു.
രണ്ടാം തവണയും പ്രധാനമന്ത്രിയായി വിജയിച്ച ഷെരീഫ് നേടിയത് 201 വോട്ടുകളാണ്. പാകിസ്താൻ മുസ്ലീം ലീഗ് നവാസ് വിഭാഗം (PML-N), പാകിസ്താൻ പീപ്പീൾസ് പാർട്ടി (PPP) എന്നിവരുടെ പിന്തുണയോടെയാണ് ഷെരീഫ് വിജയിച്ചത്. സ്പീക്കർ അയാസ് സാദിഖാണ് ഷഹ്ബാസ് ഷെരീഫിന്റെ വിജയം ദേശീയ അസംബ്ലിയെ അറിയിച്ചത്.
പാകിസ്താൻ തെഹ് രീകെ-ഇൻസാഫ് പാർട്ടിയുടെ (PTI) പിന്തുണയോടെ സുന്നി ഇത്തിഹാദ് കൗൺസിൽ ചെയർമാൻ സാഹിബ്സാദ ഹമീദ് റാസ നാമനിർദ്ദേശം ചെയ്ത ഒമർ അയൂബ് ഖാനായിരുന്നു എതിരാളി. 92 വോട്ടുകളാണ് ഇദ്ദേഹത്തിന് നേടാനായത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൻഎമാരാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്.
സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലയുന്ന രാജ്യത്തെ അതിൽ നിന്ന് കരകയറ്റുക എന്നതാണ് ഷഹ്ബാസ് ഷെരീഫിന് മുന്നിലുള്ള പ്രധാനവെല്ലുവിളി. ഇതോടൊപ്പം തന്നെ അഫ്ഗാനിസ്ഥാൻ ഉയർത്തുന്ന അതിർത്തി പ്രതിസന്ധി, ബലൂചിസ്ഥാൻ വിമോചനം എന്നിവ പുതിയമന്ത്രിസഭയെ കാത്തിരിക്കുന്ന പ്രതിസന്ധികളാണ്. ഇന്ത്യ- പാക് പ്രശ്‌നത്തിലെ നിലപാടിൽ മാറ്റമുണ്ടാക്കാൻ സാധിച്ചാൽ ഷഹ്ബാസ് ഷെരീഫിന് ഭരണനേട്ടമുണ്ടാക്കാൻ സാധിച്ചേക്കും.















