കോഴിക്കോട്: കൊയിലാണ്ടിയിൽ RSM SNDP കോളേജിലെ വിദ്യാർത്ഥി സി.ആർ അമലിനെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് കൊയിലാണ്ടി പോലീസ്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി, കോളേജ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ 20-ലധികം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അമലിനോട് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കുള്ള വ്യക്തി വൈരാഗ്യമാണ് മർദ്ദിക്കാൻ കാരണമെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. മർദ്ദനത്തിൽ അമലിന്റെ കണ്ണിനും മൂക്കിനും പരിക്കേറ്റിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് അമലിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചത്. കോളേജിന്റെ പുറത്തേക്ക് വിളിച്ച് വരുത്തിയാണ് തന്നെ 20ഓളം പേർ മർദ്ദിച്ചതെന്ന് അമൽ പറഞ്ഞു. തുടർന്ന് കണ്ണിനും മൂക്കിനും പരിക്കേറ്റ അമലിനെ സുഹൃത്തുക്കൾ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇന്നലെ പട്ടാമ്പി സംസ്‌കൃത കോളേജിലും എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം കേരളത്തിലെ കലാലയങ്ങളിൽ തുടർക്കഥയാകുകയാണ്.