തമിഴ്നാട്ടിൽ മികച്ച പ്രതികരണം നേടി കുതിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ഇതാദ്യമായാണ് ഒരു മലയാള ചിത്രം തമിഴകത്തിൽ മികച്ച കളക്ഷനോടുകൂടി ഓടുന്നത്.
മലയാള സിനിമാ ലോകത്ത് തന്നെ ഏറെ ചർച്ചയാകുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. തിയേറ്ററിലെത്തിയത് മുതൽ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ചിത്രത്തിനുള്ളത്. ഇപ്പോഴിതാ തമിഴ് പ്രേക്ഷകരും മഞ്ഞുമ്മൽ ബോയ്സിനെ ഏറ്റെടുത്തിരിക്കുകയാണ്. തമിഴ്നാട്ടിലെ ബോക്സോഫീസ് കളക്ഷൻ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. തമിഴ്നാട്ടിൽ ഇതുവരെ 10 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.
ഫെബ്രുവരി 22-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതൽ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. യുവ സംവിധായകൻ ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ആഗോള ബോക്സോഫീസിൽ 75 കോടിയാണ് ആകെ നേടിയത്. കേരളത്തിൽ നിന്ന് മാത്രം 35 കോടിയിൽ കൂടുതൽ ചിത്രം സ്വന്തമാക്കി. കഴിഞ്ഞ ദിവസത്തേക്കാൾ ധാരാളം പേരാണ് മഞ്ഞുമ്മൽ ബോയിസിനായി ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്.
തമിഴ്നാട്ടിൽ മാത്രമല്ല, മറ്റ് ഭാഷകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യഥാർത്ഥ കഥയെ അതുപോലെ പ്രേക്ഷകരുടെ മുമ്പിൽ എത്തിക്കാൻ ചിദംബരത്തിന് കഴിഞ്ഞു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, ചന്തു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അതിഗംഭീര പ്രകടനമാണ് ചിത്രത്തിൽ ഇവർ കാഴ്ച വച്ചത്.