പാലക്കാട്: പട്ടാമ്പി നേർച്ചയ്‌ക്ക് ശേഷം തിരിച്ച് കൊണ്ടുപോകുന്നതിനിടെ നിർത്തിയിട്ട ലോറിയിൽ നിന്നും ആന ഇറങ്ങിയോടി. പാപ്പാൻ ചായ കുടിക്കാനായി ലോറിയിൽ നിന്നും ഇറങ്ങിയ സമയത്തായിരുന്നു സംഭവം. ഇന്ന് പുലർച്ചയോടെയാണ് മുത്തു എന്ന ആന വിരണ്ടോടിയത്. വാഹനത്തിൽ നിന്നും ഇറങ്ങിയോടിയ ആന പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു.
ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ കടകൾ തകർത്തതായും പശുക്കൾ ചവിട്ടേറ്റ് ചത്തതായും നാട്ടുകാർ പറഞ്ഞു. ആന വിരണ്ടോടാനുള്ള സാഹചര്യം വ്യക്തമല്ലെന്ന് പാപ്പാൻ പറഞ്ഞു. ജനവാസമേഖലയിൽ നിലയുറപ്പിച്ച ആനയെ മണിക്കൂറുകൾ നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് തളച്ചത്.















