തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കോട്ടയം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. താപനില വർദ്ധിക്കുന്നതിനാൽ കടലാക്രമണത്തിനുള്ള സാധ്യത കൂടുതലാണെന്നും ഇതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങൾ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഈ സമയങ്ങളിൽ പുറത്തേക്ക് ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർജ്ജലീകരണം തടയാൻ ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു. മഴ പെയ്യാനുള്ള സാധ്യത നിലവിൽ കുറവാണെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.