തിരുവനന്തപുരം: യാത്രക്കാർക്കായി സർവീസ് നീട്ടി രാജ്യറാണി എക്‌സ്പ്രസ്. ഈ ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പോകേണ്ടവരാണെങ്കിൽ ഇനി കൊച്ചുവേളിയിൽ ഇറങ്ങേണ്ടതില്ല. നേരിട്ട് തിരുവനന്തപുരത്ത് പോയി ഇറങ്ങാം. നാഗർകോവിൽ വരെയാണ് രാജ്യറാണി എക്‌സ്പ്രസിന്റെ സർവീസ് നീട്ടിയിരിക്കുന്നത്. തിരുവനന്തപുരം ആർസിസിയിലേക്ക് പോകേണ്ടവർ ഉൾപ്പെടെയുള്ളവരെ പരിഗണിച്ചാണ് രാജ്യറാണി എക്‌സ്പ്രസിന്റെ സർവീസ് നീട്ടാൻ ധാരണയായത്.
തിരുവനന്തപുരത്തേക്ക് ഈ ട്രെയിനിന് ടിക്കറ്റ് എടുക്കുമ്പോൾ കൊച്ചുവേളി എന്ന് കാണിക്കുമെങ്കിലും ഈ ടിക്കറ്റിൽ തന്നെ നേരിട്ട് തിരുവനന്തപുരത്തേക്ക് യാത്ര നടത്താം. നിലമ്പൂരിൽ നിന്നും രാജ്യറാണി എക്‌സ്പ്രസ് കൊച്ചുവേളിയിൽ എത്തിയാൽ പിന്നീട് ഇത് തിരുവന്തപുരം സെൻട്രലിലേക്കുള്ള കണക്ഷൻ ട്രെയിനായി സർവീസ് നടത്തും. കൊച്ചുവേളി-തിരുവനന്തപുരം- നാഗർകോവിൽ അൺറിസർവ്ഡ് എക്‌സ്പ്രസായിട്ടാണ് സർവീസ് നടത്തുക. ഇതുപോലെ തിരിച്ച് നാഗർകോവിൽ നിന്നും തിരുവനന്തപുരത്തിൽ നിന്നും നേരിട്ട് നിലമ്പൂർ വരെയും ഇതിൽ യാത്ര ചെയ്യാം. കൊച്ചുവേളിയിൽ നിന്നും നിലമ്പൂരിലേക്കുള്ള ട്രെയിനിന്റെ സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
സമയക്രമങ്ങൾ
നിലമ്പൂർ- കൊച്ചുവേളി- നാഗർകോവിലിലേക്കുള്ള ട്രെയിൻ രാത്രി നിലമ്പൂരിൽ നിന്നും പുറപ്പെട്ട് പുലർച്ചെ 5.30ന് കൊച്ചുവേളിയിൽ എത്തും. ഇവിടെ നിന്നും രാവിലെ 6.30 ന് നാഗർകോവിലിലേക്ക് പുറപ്പെടുന്ന ഈ ട്രെയിൻ 6.45ന് തിരുവനന്തപുരം സെൻട്രലിലും 8.55ന് നാഗർകോവിലിലും എത്തും.
നാഗർകോവിൽ- കൊച്ചുവേളി- നിലമ്പൂരിലേക്കുള്ള ട്രെയിൻ വൈകിട്ട് 6.20ന് നാഗർകോവിൽ നിന്നും പുറപ്പെടുകയും 7.55ന് തിരുവനന്തപുരം സെൻട്രലിൽ എത്തുകയും ചെയ്യുന്നു. 8.20നാണ് ഇത് കൊച്ചുവേളിയിൽ എത്തുന്നത്. ഇവിടെ നിന്നും 9 മണിക്ക് നിലമ്പൂരിലേക്കും ട്രെയിൻ പുറപ്പെടും.















