പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യക്തിഹത്യ നടത്തി ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്. കുടുംബമില്ലാത്തവനാണ് നരേന്ദ്രമോദിയെന്ന് പറഞ്ഞായിരുന്നു മുതിർന്ന ആർജെഡി നേതാവ്, പ്രധാനമന്ത്രിയെ അവഹേളിച്ചത്. ഇൻഡി മുന്നണിയിലെ സുപ്രധാന കക്ഷികളായ കോൺഗ്രസിലും ആർജെഡിയിലും നിലനിൽക്കുന്ന കുടുംബാധിപത്യ രാഷ്‌ട്രീയത്തെ നരേന്ദ്രമോദി ചോദ്യം ചെയ്തതോടെ ഉത്തരംമുട്ടിയ പ്രതിപക്ഷ നേതാക്കൾ, പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിക്കുകയായിരുന്നു.
“ആരാണ് നരേന്ദ്രമോദി? ഞങ്ങൾ കുടുംബാധിപത്യ രാഷ്‌ട്രീയം പുലർത്തുന്നുവെന്നാണ് മോദിയുടെ ആരോപണം. മോദിക്ക് സ്വന്തമായി കുടുംബമില്ലെന്ന് കരുതി ഞങ്ങൾക്ക് എന്തുചെയ്യാൻ സാധിക്കും. അദ്ദേഹത്തിന് എന്താണ് കുട്ടികളില്ലാതെ പോയത്? നരേന്ദ്രമോദി ഒരു യഥാർത്ഥ ഹിന്ദു പോലുമല്ല. കാരണം ഹിന്ദു ആചാരപ്രകാരം മാതാവ് മരിച്ചാൽ ആൺമക്കൾ തല മുണ്ഡനം ചെയ്യണം. പക്ഷെ, മോദി അത് ചെയ്തിട്ടില്ല. ” റാലിയെ അഭിസംബോധന ചെയ്യവെ ലാലുപ്രസാദ് യാദവ് പറഞ്ഞു.
മഹാഗഡ്ബന്ധനിൽ നിന്ന് ജെഡിയു പുറത്തുവന്നതിന് ശേഷം കോൺഗ്രസിനും ആർജെഡിയും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിഹാറിലെ ഗാന്ധിമൈതാനിൽ പ്രതിപക്ഷ മുന്നണി നടത്തിയ ജൻവിശ്വാസ് മഹാറാലിക്കിടെയായിരുന്നു ലാലുപ്രസാദ് യാദവിന്റെ വിവാദ പരാമർശം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കുമെന്നും ഡൽഹി പിടിച്ചെടുക്കുമെന്നും ആർജെഡി നേതാവ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷ സഖ്യത്തിലെ പല പാർട്ടികളും കുടുംബാധിപത്യ രാഷ്‌ട്രീയം തുടരുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദി പലപ്പോഴായി ഇതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കുടുംബ രാഷ്‌ട്രീയം അവസാനിപ്പിക്കാൻ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ എന്നാണോ തയ്യാറാകുന്നത് എങ്കിൽ മാത്രമേ ജനങ്ങൾ രക്ഷപ്പെടൂവെന്നും പ്രധാനമന്ത്രി വിമർശിച്ചു.















