ചണ്ഡീഗഡ്: ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ നടന്ന ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വിജയം. സീനിയര്‍ ഡെപ്യൂട്ടി മേയറായി ബിജെപിയുടെ കുല്‍ജീത് സിംഗ് സന്ധുവിനെ തിരഞ്ഞെടുത്തു. രാജേന്ദ്ര ശര്‍മ്മയാണ് ഡെപ്യൂട്ടി മേയർ.
കുല്‍ജീത് സന്ധു 34 ൽ 19 വോട്ടുകൾ നേടിയപ്പോൾ ഇൻഡി സഖ്യത്തിന്റെ ഗുർപ്രീത് ഗാബിക്ക് 16 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഒരു വോട്ട് അസാധുവായി. ഇൻഡി അംഗത്തിന്റെ വോട്ടാണ് അസാധുവായതെന്നാണ് സൂചന.
35 അംഗ നഗരസഭയിൽ ബിജെപിക്ക് 17 കൗൺസിലർമാരാണുള്ളത്. മൂന്ന് ആംആദ്മി അംഗങ്ങൾ ബിജെപിയിൽ ചേർന്നതോടെയാണ് അംഗസംഖ്യ 17 ആയി ഉയർന്നത്. ബിജെപി അംഗമായ ചണ്ഡീഗഡ് എംപി കിരൺ ഖേറിന് കോർപ്പറേഷന്റെ എക്‌സ് ഒഫീഷ്യോ അംഗമെന്ന നിലയിൽ വോട്ടവകാശമുണ്ട്. ശിരോമണി അകാലിദൾ കൗൺസിലറുടെ പിന്തുണയും ബിജെപിക്ക് ലഭിച്ചതൊടെയാണ് 19 എന്ന നിലയിലേക്ക് ബിജെപി ഉയർന്നത്. നിലവിൽ മുനിസിപ്പൽ കോർപ്പറേഷനിൽ എഎപിക്ക് 10 അംഗങ്ങളും കോൺഗ്രസിന് ഏഴ് അംഗങ്ങളുമാണുള്ളത്.