കോട്ടയം: കൈക്കൂലി വാങ്ങാൻ ശ്രമിക്കവെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. കോട്ടയം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറും കൊല്ലം സ്വദേശിയുമായ എൻഎൽ സുമേഷാണ് വിജിലൻസിന്റെ പിടിയിലായത്. സ്വകാര്യ സ്‌കൂളിൽ പീരിയോഡിക്കൽ ഇൻസ്‌പെക്ഷൻ നടത്തിയ ഇയാൾ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ കൈക്കൂലി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഈ കഴിഞ്ഞ മാർച്ച് രണ്ടിനാണ് കോട്ടയത്തെ സ്വകാര്യ സ്‌കൂളിൽ സുമേഷ് പരിശോധനയ്‌ക്കെത്തിയത്. തുടർന്ന് ലിഫ്റ്റിന് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുക കുറയ്‌ക്കണമെന്ന സ്‌കൂൾ മാനേജരുടെ ആവശ്യപ്രകാരം 7,000 രൂപ നൽകണമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കോട്ടയം റെയിൽവേ സ്‌റ്റേഷനിലെത്തി പണം നൽകാനായിരുന്നു ഇയാൾ പറഞ്ഞത്.
എന്നാൽ സ്‌കൂൾ മാനേജർ സംഭവം വിജിലൻസ് സംഘത്തെ അറിയിച്ചു. തുടർന്ന് ഇവരുടെ നിർദ്ദേശാനുസരണം കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്താൻ അസൗകര്യമുണ്ടെന്ന് സ്‌കൂൾ മാനേജർ അറിയിച്ചു. തൊട്ടടുത്ത ദിവസം രാവിലെ പാലാ പോളിടെക്‌നിക്കിൽ പരിശോധനയ്‌ക്കായി എത്തുന്നുണ്ടെന്നും അപ്പോൾ പണം നൽകിയാൽ മതിയെന്നും ഇയാൾ പറഞ്ഞു. പാലാ പോലീസ് സ്‌റ്റേഷൻ പരിസരത്ത് വച്ച് പണം നൽകാമെന്നായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്ന ധാരണ. തുടർന്ന് പണം വാങ്ങുന്നതിനിടെ വിജിലൻസ് എത്തി സുമേഷിനെ പിടികൂടുകയായിരുന്നു.