മുംബൈ: എസ്ബിഐ ബ്രാഞ്ചിൽ നിന്നും മൂന്ന് കോടിയുടെ നാല് കിലോ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ സർവീസ് മാനേജർ മനോജിനെ ഭാണ്ഡൂപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ബാങ്കിന്റെ ലോക്കറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്ബിഐ മുളുണ്ട് ബ്രാഞ്ച് മാനേജർ അമിത് കുമാറാണ് ഫെബ്രുവരി 28ന് പോലീസിൽ കേസ് നൽകുന്നത്.
ഗോൾഡ് ലോൺ ഡിപ്പാർട്മെന്റിലാണ് പ്രതി മനോജ് മാരുതി മ്ഹസ്‌കെയ്‌ക്ക് ജോലി.ഇയാൾ അവധിയെടുത്ത ഫെബ്രുവരി 27നാണ് സംഭവം പുറത്തുവന്നത്. അന്നേദിവസം അമിത് കുമാറിനായിരുന്നു ബ്രാഞ്ചിലെ ലോക്കറിന്റെ ചുമതല. വൈകുന്നേരം നോക്കിയപ്പോൾ സ്വർണാഭരണ പാക്കറ്റുകൾ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടെന്നാണ് അമിത് കുമാർ പറഞ്ഞത്.
ഫെബ്രുവരി 26 വരെ 63 സ്വർണ്ണ വായ്പകൾ നടന്നെങ്കിലും ലോക്കറിനുള്ളിൽ 4 എണ്ണം മാത്രമാണുണ്ടായിരുന്നത്. മനോജിനെ വിളിച്ചപ്പോൾ താത്കാലികമായി എടുത്താണെന്നും ഒരാഴ്‌ചയ്‌ക്കുള്ളിൽ തിരികെ നൽകാമെന്ന് ഉറപ്പ് നൽകിയതായും കുമാർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പിന്നീട് അമിത് തന്റെ മുതിർന്ന ഓഫീസർമാരെ വിവരമറിയിക്കുകയും കാണാതായ സ്വർണ്ണാഭരണങ്ങളുടെ വിവരങ്ങൾ എടുക്കുകയും ഭാണ്ഡൂപ്പ് പോലീസിൽ കേസ് നൽകുകയായിരുന്നു. പിന്നീട് ബ്രാഞ്ചിലേക്ക് വിളിച്ചുവരുത്തിയ മനോജിനെ പോലീസ് അറസ്റ്റ് ചെയ്യുകയും സ്വർണാഭരണങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.















