തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ ന്യായീകരണവുമായി വയനാട്ടിലെ സിപിഎം നേതൃത്വം. സിദ്ധാർത്ഥ് എസ്എഫ്‌ഐ പ്രവർത്തകനാണ്. കോളേജിലെ പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുത്തിട്ടുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ പറഞ്ഞു. കേസിലെ പ്രതികളെ സംരക്ഷിക്കാൻ സിപിഎം ശ്രമിച്ചിട്ടില്ല. കേസിൽ സിബിഐ അന്വേഷണം വന്നാലും ഒരു ചുക്കുമില്ലെന്നും പി.ഗഗാറിൻ സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ പറഞ്ഞു.
പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന്റെ പേരിൽ സിപിഎമ്മിനും എസ്എഫ്‌ഐയ്‌ക്കുമെതിരെ തെറ്റായ പ്രചരണം നടക്കുകയാണ്. വലതുപക്ഷവും ചില മാദ്ധ്യമങ്ങളും ചേർന്നാണ് ഇടതുപക്ഷത്തെ വേട്ടയാടാൻ ശ്രമിക്കുന്നത്. സമഗ്രമായ അന്വേഷണമാണ് സിദ്ധാർത്ഥിന്റെ മരണത്തിൽ വേണ്ടത്. ഗവർണറുടേത് തീക്കളിയാണ്. വെറും വൃത്തിക്കെട്ട മനുഷ്യനാണ് അദ്ദേഹം. ഗവർണറാണ് ഈ വിഷയത്തിൽ ഇടപെട്ടതെന്നും പി. ഗഗാറിൻ ആരോപിച്ചു.
പൂക്കോട് സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ യോഗത്തിലാണ് ന്യായീകരണവും വെല്ലുവിളിയുമായി പി. ഗഗാറിൻ രംഗത്തെത്തിയത്. ക്യാമ്പസിലെ എസ്എഫ്‌ഐയ്‌ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന വാദവും സിപിഎം നേതാക്കൾ നിരത്തി.















