ചെന്നൈ: തമിഴ്നാട് സന്ദർശനത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളെ പ്രശംസിച്ച് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. രാജ്യത്തിന്റെ വളർച്ചയ്‌ക്കും വികസനത്തിനും പ്രാധാന്യം നൽകുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയെന്ന് അണ്ണാമലൈ പറഞ്ഞു. ചെന്നൈയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാവരും തന്റെ കുടുംബാംഗങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് മൈതാനത്ത് തടിച്ചുകൂടിയ ജനങ്ങൾ ആവേശഭരിതരായി. പ്രധാനമന്ത്രിയുടെ പ്രംസഗം കേൾക്കാൻ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ബിജെപിയോടും പ്രധാനമന്ത്രിയോടുമുള്ള സ്വീകാര്യതയും ജനപ്രീതിയുമാണ് അവിടെ പ്രകടമായത്. വികസിത ഭാരതം എന്ന് സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ തമിഴ്നാടും വികസിതമാകും’- അണ്ണാമലൈ പറഞ്ഞു.
അഴിമതിക്ക് പേരുകേട്ട പാർട്ടിയാണ് ഡിഎംകെയെന്നും താൻ തമിഴ്നാട് സന്ദർശിക്കുമ്പോൾ ചിലർ അസ്വസ്ഥരാകുന്നുവെന്നും പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ബിജെപിയുടെ വളർച്ച കണ്ട് ഡിഎംകെ വേദനിക്കുകയാണ്. ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്തിടെ തമിഴ്നാട്ടിൽ പ്രളയം ഉണ്ടായപ്പോൾ ഡിഎംകെ നേതാക്കൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിന്ന് സംസാരിച്ചത് അല്ലാതെ മറ്റൊന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചിരുന്നു.















