ഡെറാഡൂൺ ; പ്രതിഷേധത്തിന്റെ പേരിൽ പൊതുമുതൽ തകർക്കുന്നവർക്കെതിരെ ശക്തമായ നീക്കങ്ങളുമായി ഉത്തരാഖണ്ഡ് സർക്കാർ . അക്രമികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്ന ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉത്തരാഖണ്ഡ് റിക്കവറി ഓഫ് ഡാമേജ് ടു പബ്ലിക് ആൻഡ് പ്രൈവറ്റ് പ്രോപ്പർട്ടി ഓർഡിനൻസ് 2024 കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് ചീഫ് സെക്രട്ടറി രാധാ റാതുരി പറഞ്ഞു.
കലാപകാരികളിൽ നിന്ന് സ്വകാര്യ-സർക്കാർ സ്വത്തുക്കൾക്കുണ്ടായ നാശനഷ്ടങ്ങൾ പൂർണ്ണമായി വീണ്ടെടുക്കുന്നതിനു പുറമേ, 8 ലക്ഷം രൂപ വരെ പിഴ ചുമത്തും . കൂടാതെ കലാപ നിയന്ത്രണ നടപടികൾക്കുള്ള സർക്കാർ ജീവനക്കാരുടെ ചിലവുകളും അവർ വഹിക്കേണ്ടി വരും. ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി അയച്ചിട്ടുണ്ട്.
ഗവർണറുടെ അനുമതി ലഭിച്ചാൽ രാജ്യത്തെ ഏറ്റവും കടുത്ത കലാപ വിരുദ്ധ നിയമമായി ഇത് മാറും. നൈനിറ്റാൾ ജില്ലയിലെ ഹൽദ്‌വാനിയിൽ കല്ലേറിലും തീവെപ്പിലും വെടിവയ്പ്പിലും ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ തീരുമാനം. അനധികൃത മദ്രസ തകർത്തതിനെ ചൊല്ലിയുണ്ടായ അക്രമത്തിൽ പട്ടണത്തിലെ ബൻഭൂൽപുര പ്രദേശത്തെ നിരവധി വാഹനങ്ങൾക്കും പോലീസ് സ്റ്റേഷനും തീയിട്ടു.
കലാപങ്ങൾ ഉണ്ടായാൽ പൊതുമുതൽ നശിപ്പിച്ചതിനുള്ള പണം കലാപകാരികളിൽ നിന്ന് ഈടാക്കുന്ന പ്രത്യേക ക്ലെയിം ട്രൈബ്യൂണൽ രൂപീകരിക്കുന്നതിന് തിങ്കളാഴ്ചയാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയത് .
“സംസ്ഥാനത്ത് സമാധാനം തകർക്കുന്നവർ അതിന്റെ വിലയും അപ്പോൾ നൽകണം. കലാപങ്ങളും അശാന്തിയും സംബന്ധിച്ച കേസുകൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പ്രത്യേക ട്രൈബ്യൂണലിന്റെ ഘടനയ്‌ക്ക് മന്ത്രിസഭ അംഗീകാരം നൽകി. കലാപത്തിനിടെ പൊതുമുതൽ നശിപ്പിച്ച നാശനഷ്ടം കലാപകാരികളിൽ നിന്ന് ഈടാക്കും . ദേവഭൂമിയുടെ പുണ്യഭൂമിയെ കളങ്കപ്പെടുത്തിയ കലാപകാരികളുടെ തലമുറകൾ വർഷങ്ങളോളം ഓർമ്മിക്കുന്ന ഒരു മാതൃകയായിരിക്കും ഇത് “ – കാബിനറ്റ് യോഗത്തിന് ശേഷം, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.















