പരീക്ഷാ ഹാളിൽ ആരംഭിച്ച പോരാട്ടം സെക്രട്ടേറിയറ്റ് നടയിൽ വരെ വ്യാപിച്ചതിന്റെ സങ്കടകഥയാണ് സിവിൽ പോലീസ് റാങ്ക് ഹോഴ്‍ഡേഴ്സിന് ഒന്നടങ്കം പറയാനുള്ളത്. കഴിഞ്ഞ അഞ്ച് വർഷമായി പ്രതീക്ഷയുടെ വക്കിലായിരുന്നു ഉദ്യോഗാർത്ഥികളെങ്കിൽ കഴിഞ്ഞ ഒരു മാസത്തോളമായി സ്ഥിതി അത്തരത്തിൽ അല്ല.
റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഇതിനിടെയിൽ നിയമനം ലഭിച്ചില്ലെങ്കിൽ ഇനി എന്താകുമെന്ന ആശങ്കയിലാണ് ഭൂരിഭാഗം പേരും. ഇതിനെ തുടർന്നാണ് കഴിഞ്ഞ 23 ദിവസങ്ങളായി സിപിഒ റാങ്ക് ഹോൾഡേഴ്സ് രാപ്പകൽ സമരം നടത്തുന്നത്. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉദ്യോഗാർത്ഥികളുടെ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും ഉൾപ്പെടെ നിരവധി പേരാണ് തലസ്ഥാന നഗരിയിൽ അലയടിച്ചെത്തിയത്. മണിക്കൂറുകളോളം തലസ്ഥാനം സ്തംഭിച്ചു.
പ്രതിഷേധ റാലിക്കിടെ നിറ കണ്ണുകളോടെ ഒരമ്മ പറഞ്ഞ വാക്കുകൾ വാസ്തവത്തിൽ സർക്കാരിനും ഭരണകൂടത്തിനും നേരെയുള്ള ചോദ്യമാണ്. എന്റെ മകൻ ഉൾപ്പടെയുള്ള ചെറുപ്പക്കാരുടെ വേദനയും സമരവും സർക്കാർ എന്തുകൊണ്ടാണ് കണ്ടില്ലെന്ന് നടിക്കുന്നതെന്ന് അമ്മ തുറന്നടിക്കുന്നു. തൊഴിൽ ഒന്നുമില്ലാത്തതിനാൽ സമരത്തിന് വന്നതല്ല. പട്ടിണി പാവങ്ങളുടെ രോധനമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ കാണുന്നതെന്നും അവർ പറഞ്ഞു.
ഞങ്ങളെ പോറ്റണ്ടത് ഞങ്ങളുടെ മക്കളാണ്. വൃദ്ധസദനങ്ങളിൽ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ഈ കാലത്ത് എന്റെ അമ്മയെയും അമ്മൂമ്മയെയും വരെ സംരക്ഷിക്കുന്നത് എന്റെ മകനാണ്. അവർക്ക് ആഹാരവും മരുന്നും കെടുക്കേണ്ട മകനാണ് നാളുകളായി സമരത്തിനിറങ്ങിയത്. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഞങ്ങൾ. സമ്പാദിച്ച് കൂട്ടാനല്ല, മറിച്ച് ബാങ്കിലിരിക്കുന്ന ആധാരം തിരികെയെടുക്കാനാണ് ഒരു ജോലിക്ക് കേഴുന്നത്. കാശ് മുടക്കി മകൻ പി.എസ്.സി പഠിച്ചിട്ടില്ല. പഠിപ്പിക്കാൻ താത്പര്യം ഇല്ലാതിരുന്നിട്ടല്ല, മറിച്ച് നിവൃത്തിയില്ലാത്തിരുന്നതിനാലാണ്. നീതി ലഭിച്ചേ തീരൂവെന്നും ഉദ്യോഗാർത്ഥികളിൽ ഒരാളുടെ അമ്മ പറയുന്നു.















