ന്യൂഡൽഹി: മിൽമ ബില്ലിൽ സർക്കാരിന് തിരിച്ചടി. ക്ഷീരസംഘം സഹകരണ ബില്ലിന് രാഷ്‌ട്രപതിയുടെ അനുമതിയില്ല. മിൽമ ഭരണം പിടിക്കാനാനുള്ള ബില്ലാണ് രാഷ്‌ട്രപതി തള്ളിയത്. ഗവർണർ രാഷ്ടപതിക്കയച്ച ഏഴു ബില്ലുകളിൽ നാലാമത്തെ ബില്ലാണിപ്പോൾ രാഷ്‌ട്രപതി തള്ളിയത്. ഇതോടെ മിൽമയുടെ ഭരണം പിടിക്കാനാകുമെന്ന സർക്കാരിന്റെ പ്രതീക്ഷകൾ അസ്തമിച്ചു.
പ്രാദേശിക ക്ഷീരസംഘങ്ങളിൽ അഡ്മിനിസ്‌ട്രേറ്റർക്കോ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കോ സമിതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശം നൽകുന്നതായിരുന്നു ബിൽ. ഈ ബിൽ പ്രകാരം 58 പേർ വോട്ട് ചെയ്തിരുന്നു. ഈ രീതിയിലായിരുന്നു തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ക്ഷീരസംഘങ്ങളിൽ സിപിഎം ഭരണം നേടിയത്. ബിൽ രാഷ്‌ട്രപതി തള്ളിയതോടെ ക്ഷീരസംഘങ്ങളിൽ അഡ്മിനിസ്‌ട്രേറ്റർക്ക് വോട്ട് ചെയ്യാനുള്ള അനുമതി ഇല്ലാതാകും.
ഗവർണറെ സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബിൽ സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം കുറയ്‌ക്കുന്ന ബിൽ, സാങ്കേതിക സർവ്വകലാശാല ഭേദഗതി ബിൽ എന്നിവയാണ് രാഷ്‌ട്രപതി തടഞ്ഞുവച്ചത്. ലോകായുക്താ ബില്ലിന് മാത്രമാണ് രാഷ്‌ട്രപതിയുടെ അനുമതിയുള്ളത്. 7 ബില്ലുകളാണ് ഗവർണർ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്.















