ചെന്നൈ: ഭാരതത്തെയും സനാതന ധർമ്മത്തെയും അവഹേളിച്ച് ഡിഎംകെ നേതാവ് എ രാജ. ഭാരത മാതാവിനെയും ഭഗവാൻ ശ്രീരാമനെയും ഡിഎംകെയും തമിഴ്‌നാടും അംഗീകരിക്കില്ല എന്നായിരുന്നു രാജയുടെ വിവാദ പരാമർശം. ശ്രീരാമ ഭഗവാനെയും ഹനുമാനെയും വളരെ മോശം ഭാഷയിലാണ് ഡിഎംകെ നേതാവ് അധിക്ഷേപിച്ചത്. ഹിന്ദു മതത്തെ ഉന്മൂലനം ചെയ്യണമെന്നുള്ള ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പരാമർശം വിവാദമായതിന് ശേഷവും സനാതന ധർമ്മത്തിനെതിരെ ഡിഎംകെ നേതാക്കൾ അസഭ്യം ചൊരിയുകയാണ്. സംഭവത്തിൽ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നു കഴിഞ്ഞു.
“ഭാരത മാതാവിനെയും ശ്രീരാമനെയും ഞങ്ങൾ അംഗീകരിക്കാൻ പോകുന്നില്ല. തമിഴ്നാടും അംഗീകരിക്കില്ല. പറഞ്ഞോളൂ, ഞങ്ങൾ രാമന്റെ ശത്രുക്കളാണ്. എനിക്ക് രാമായണത്തിലും രാമനിലും വിശ്വാസമില്ല. നിങ്ങളുടെ ഒരു ജയ് ശ്രീറാം. ച്ഛീ..വിഡ്ഢികൾ!” എന്നായിരുന്നു തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയം ടൗണിൽ സംഘടിപ്പിച്ച ഡിഎംകെയുടെ പൊതുയോഗത്തിൽ നടത്തിയ പ്രസംഗത്തിനിടെ എ രാജ പറഞ്ഞത്.
സംഭവത്തിൽ, രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഹിന്ദു മതത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഉദയനിധി സ്റ്റാലിനെതിരെയും രാജ്യം മുഴുവൻ പ്രതിഷേധം ഉയർന്നിരുന്നു. ഹിന്ദുമതത്തെയും അവരുടെ വിശ്വാസങ്ങളെയും ഹൈന്ദവ ദേവതകളെയും നിരന്തരം അപമാനിക്കുകയാണ് ഡിഎംകെ ചെയ്യുന്നത്. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇൻഡി മുന്നണിയിലെ ഒരു പ്രധാന പാർട്ടി കൂടിയാണ് ഡിഎംകെ. നിരന്തരം ഹിന്ദുവിരുദ്ധ പ്രസ്താവനകൾ നടത്തിയിട്ടും കോൺഗ്രസോ ഇൻഡി മുന്നണിയോ ഡിഎംകെയെ തിരുത്താൻ തയ്യാറായിട്ടുമില്ല. ഇതിലൂടെ ഇൻഡി സഖ്യത്തിന്റെ ഹിന്ദു വിരുദ്ധ മുഖമാണ് വെളിപ്പെടുന്നത്.