പത്തനംതിട്ട: അയ്യനെ തൊഴുത് പ്രാചരണത്തിലേക്കിറങ്ങി അനിൽ കെ ആന്റണി. പന്തളം വലിയകോയിക്കൽ അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ശബരിമല ക്ഷേത്രം പത്തനംതിട്ട മണ്ഡലത്തിന് കീഴിൽ വന്നത് അനുഗ്രഹമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ദർശനത്തിന് ശേഷമായിരുന്നു പര്യടനത്തിന് തുടക്കംകുറിച്ചത്.
പ്രചാരണത്തിന്റെ ഭാഗമായി പന്തളം എസ്എൻഡിപി യോഗം യൂണിയൻ ഓഫീസും അനിൽ സന്ദർശിച്ചു. യൂണിയൻ സെക്രട്ടറി ഡോ:എ.വി ആനന്ദരാജ് ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മാർത്തോമാ സഭയുടെ അദ്ധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്തയെയും അദ്ദേഹം സന്ദർശിച്ചു.
ഇന്നലെയാണ് ഔദ്യോഗിക പ്രചാരണത്തിനായി അനിൽ പത്തനംതിട്ട മണ്ഡലത്തിലെത്തിയത്. ജനങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ വ്യക്തമായി അവതരിപ്പിക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ട്. മോദി സർക്കാർ കഴിഞ്ഞ 10 വർഷമായി 300-ഓളം ജനക്ഷേമ പദ്ധതികളാണ് നടപ്പിലാക്കിയത്. എന്നാൽ അതൊന്നും കേരളത്തിൽ കാണാനില്ല. ജനങ്ങൾക്ക് ഫലപ്രദമായ രീതിയിൽ നടത്താൻ ഇവിടെ ആരുമില്ലെന്നും ഇന്നലെ അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.