ന്യൂഡൽഹി: ആർബിഐ അടുത്തിടെ പുറപ്പെടുവിച്ച നിർദ്ദേശാനുസരണം കെവൈസി നടപടിക്രമങ്ങൾ കർശനമാക്കാനൊരുങ്ങി ബാങ്കുകൾ. വ്യത്യസ്ത രേഖകളിലൂടെ ഒന്നിലധികം അക്കൗണ്ടുകൾ ചേർന്നിട്ടുള്ളവരെക്കുറിച്ച് വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ബാങ്കുകൾ തേടണമെന്ന് ആർബിഐ വ്യക്തമാക്കി.
നിലവിലുള്ള എല്ലാ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പർ പുതുക്കി നൽകണമെന്ന് ബാങ്കുകൾ ഉപയോക്താക്കളോട് ആവശ്യപ്പെടും. ഒന്നിൽ കൂടുതൽ അക്കൗണ്ടുകളിൽ അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ടുകളിൽ ഒരേ ഫോൺനമ്പർ നൽകിയിരിക്കുന്നവർക്കും ഇത് ബാധകമാണ്. വ്യത്യസ്ത രീതിയിലാകും പരിശോധനകൾ നടത്തുക. പാൻ, ആധാർ, മൊബൈൽ നമ്പർ എന്നിവ പരിശോധിച്ച് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
ഒന്നിൽ അധികം അക്കൗണ്ടുകൾ ഉണ്ടായിരിക്കെ അവ കെവൈസി മാനദണ്ഡങ്ങൾ പ്രകാരം ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ വ്യത്യസ്ത രേഖകളിലൂടെ പുതിയ അക്കൗണ്ടുകൾ തുറക്കാൻ അനുവദിക്കും. പാസ്‌പോർട്ട്, ആധാർ, വോട്ടർ കാർഡ്, എൻആർഇജിഎ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ് എന്നിവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനാകുമെന്നും ആർബിഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.