തിരുവനന്തപുരം: കേരള സർവ്വകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന് പേര് നൽകിയതിനെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇൻതിഫാദ എന്ന വാക്കിന്റെ അർത്ഥം അറിയാമോ എന്നും, അക്രമം എന്ന അർത്ഥം വരുന്ന പദം കലോത്സവത്തിന് ഉപയോഗിക്കാമോ എന്നും ഗവർണർ ചോദിച്ചു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പേരാണോ കുട്ടികളുടെ യുവജനോത്സവത്തിന് നൽകേണ്ടത്. കലാപം കൊണ്ട് എതിർക്കുക എന്നതാണ് ഡിക്ഷണറിയിൽ ഇൻതിഫാദ എന്ന വാക്കിന്റെ അർത്ഥം. ആഘോഷങ്ങൾ നടക്കേണ്ടത് സമാധാനാന്തരീക്ഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കേരള സർവ്വകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് കഴിഞ്ഞ ദിവസം വൈസ് ചാൻസലർ ഉത്തരവിട്ടിരുന്നു. പോസ്റ്ററുകളിലോ ബാനറുകളിലോ ഈ പേര് ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്. എന്നാൽ, കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പേര് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് യൂണിവേഴ്‌സിറ്റി യൂണിയന്റെ നിലപാട്. ഹൈക്കോടതി നോട്ടീസ് അയച്ചതിനെ തുടർന്നാണ് വിസി പേരുവിലക്കി ഉത്തരവിറക്കിയത്.