എറണാകുളം: എസ്എഫ്‌ഐ നേതാവ് എം. അഭിമന്യു കൊലപാതക കേസിലെ രേഖകൾ കാണാനില്ല. എറണാകുളം സെൻട്രൽ പോലീസ് എറണാകുളം സെക്ഷൻസ് കോടതിയിൽ സമർപ്പിച്ച രേഖകളാണ് കാണാതെ പോയത്. കുറ്റപത്രം അടക്കമുള്ള രേഖകളാണ് വിചാരണ തുടങ്ങാനിരിക്കെ നഷ്ടപ്പെട്ടിരിക്കുന്നത്. രേഖകൾ നഷ്ടമായ വിവരം സെക്ഷൻസ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2018 സെപ്റ്റംബർ 26 നാണ് കുറ്റപത്രം സമർപ്പിച്ചത്. മഹാരാജാസ് കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ- ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് 2018 ജൂലൈ 2 നാണ് അഭിമന്യു മരിച്ചത്.
പുറത്ത് നിന്നുള്ള പോപ്പുലർ ഫ്രണ്ട് (പിഎഫ്‌ഐ) ഭീകരർ ആയുധങ്ങളുമായി ക്യാമ്പസിലെത്തി അഭിമന്യുവിനെ കുത്തികൊലപ്പെടുത്തുകയായിരുന്നെന്ന് കുറ്റപത്രത്തിൽ പറയുന്നു. നെട്ടൂർ മേക്കാട്ട് സഹൽ ഹംസ(25)യാണ് അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിരോധനത്തിന് കാരണമായ കുറ്റകൃത്യങ്ങളിൽ അഭിമന്യു കൊലക്കേസും ഉൾപ്പെടുത്തിയിരുന്നു. കേസിൽ ആകെ 26 പ്രതികളും 125 സാക്ഷികളുമാണുള്ളത്.