മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വ മികവിനെയും അദ്ദേഹത്തിന് കീഴിൽ രാജ്യത്തിനുണ്ടായ പുരോഗതിയെയും എടുത്തുകാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നയരൂപകർത്താവ് എങ്ങനെയാകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പ്രധാനമന്ത്രി. മുഖ്യമന്ത്രിയായി തുടങ്ങി 23 വർഷത്തിനിടെ ജനസേവനത്തിൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും ഇതിനിടെ ഒരു അവധി പോലും എടുത്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യ ഗ്ലോബൽ ഫോറം ആനുവൽ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ 2014ൽ എൻഡിഎ സർക്കാർ അധികാരത്തിലേറുമ്പോൾ കുഴഞ്ഞുമറിഞ്ഞ ഒരു സമ്പദ്ഘടനയായിരുന്നു രാജ്യത്തിനുണ്ടായിരുന്നത്. 12 കോടിയോളം അഴിമതികളുണ്ടായി, ബാങ്കുകളുടെ പ്രവർത്തനവും മികച്ചതായിരുന്നില്ല. അതിർത്തിയിലുൾപ്പെടെ രാജ്യത്തിന്റെ സുരക്ഷ പ്രതിസന്ധിയിലായിരുന്നു. ഭീകരാക്രമണങ്ങൾ തുടർക്കഥയായിരുന്നു. സ്ത്രീകൾക്ക് സുരക്ഷിതത്വമുണ്ടായിരുന്നില്ല.’ – അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായി. ലോകരാജ്യങ്ങൾക്ക് മുന്നിൽ അദ്ദേഹം ഇന്ത്യയെ സ്വയംപര്യാപ്തമായ രാജ്യമാക്കി മാറ്റി. 2016ൽ നോട്ട് നിരോധനവും 2017-ൽ ജിഎസ്ടിയും കൊണ്ടുവന്നു. മുത്തലാഖ് നിരോധനം, ആർട്ടിക്കൾ 370 റദ്ദാക്കൽ, സർജിക്കൽ, എയർ സ്‌ട്രൈക്കുകളിലൂടെ രാജ്യത്തിന്റെ സൈനിക ശക്തിയും ലോകത്തിന് മുന്നിൽ എടുത്തുകാട്ടി. വലിയ തീരുമാനങ്ങൾ കൈക്കൊണ്ട അഞ്ചുവർഷം പോലും കോൺഗ്രസിന്റെ ഭരണകാലയളവിലില്ല. എന്നാൽ രാജ്യത്തെ മുന്നോട്ട് നയിച്ച 50 തീരുമാനങ്ങൾ ഞങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.